മുൻ മന്ത്രി ജി. സുധാകരനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് സജി ചെറിയാൻ രംഗത്ത്. സുധാകരൻ വ്യക്തിപരമായ അധിക്ഷേപത്തിന്റെ പാരമ്യത്തിൽ എത്തിയെന്നും പാർട്ടിയെ തെരഞ്ഞെടുപ്പ് കാലത്ത് ചതിച്ച കമ്മ്യൂണിസ്റ്റ് വിരുദ്ധനാണെന്നും അദ്ദേഹം ആരോപിച്ചു. ഒന്നര വർഷം മുമ്പ് തന്നെ കെ.സി. വേണുഗോപാലുമായി സുധാകരൻ കരാർ ഉണ്ടാക്കിയിരുന്നുവെന്നും സീറ്റില്ലെന്ന് ഉറപ്പായതോടെ 24 മണിക്കൂർ കൊണ്ട് വലതുപക്ഷമായി മാറിയെന്നും സജി ചെറിയാൻ പരിഹസിച്ചു.
താൻ മാഫിയ ആണെന്ന സുധാകരന്റെ ആരോപണം തള്ളിയ സജി ചെറിയാൻ, സുധാകരന്റെ ആസ്തിയുടെ 25-ൽ ഒന്ന് പോലും ഒരു എൽഡിഎഫ് എംഎൽഎയ്ക്കും ഇല്ലെന്ന് വ്യക്തമാക്കി. എച്ച്. സലാം ലോൺ എടുത്താണ് വീട് പണിതത്. അഞ്ച് രൂപ കിട്ടിയാൽ പോക്കറ്റിലിടുന്ന സ്വഭാവം സുധാകരന്റേതാണെന്നും അദ്ദേഹത്തിന്റെ ബാങ്ക് ബാലൻസ് പരിശോധിക്കണമെന്നും സജി ചെറിയാൻ ആവശ്യപ്പെട്ടു. പാർട്ടിയെ ഇനിയും ആക്രമിച്ചാൽ സുധാകരന്റെ പല കാര്യങ്ങളും ഓരോന്നായി വെളിപ്പെടുത്തുമെന്ന താക്കീതും അദ്ദേഹം നൽകി.
കൃഷ്ണപിള്ള സ്മാരകം തകർത്തതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ മര്യാദകെട്ട വർത്തമാനമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സ്മാരകം കത്തിക്കാൻ പോയത് ജി. സുധാകരനാണെന്ന് താനും തിരിച്ച് പറഞ്ഞാലോ എന്ന് അദ്ദേഹം ചോദിച്ചു. കെ.സി. വേണുഗോപാലിനും ചെന്നിത്തലയ്ക്കും ഇല്ലാത്ത ആവേശം സുധാകരന് വേണ്ടെന്നും ആറ് മാസത്തിനുള്ളിൽ സുധാകരനെ ചുമക്കുന്ന കെ.സി. വേണുഗോപാലിന് അദ്ദേഹത്തെ തള്ളിപ്പറയേണ്ടി വരുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു. വഞ്ചനയ്ക്കും ചതിക്കും സുധാകരൻ അനുഭവിക്കുമെന്നും അദ്ദേഹം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് കൂപ്പുകുത്തുമെന്നും സജി ചെറിയാൻ പറഞ്ഞു. സുധാകരനെ ചുമക്കുന്ന കെ സി വേണുഗോപാൽ ആലപ്പുഴ കടലിൽ ചാടി ചാകും. ആറു മാസം കൊണ്ട് കെ സി വേണുഗോപാൽ ഇത് മനസിലാക്കും. ഇല്ലെങ്കിൽ എന്റെ പേര് മാറ്റിക്കോ ഞങ്ങളിതൊക്കെ അനുഭവിച്ചവരാണ്. സുധാകരനെ ആറ് മാസത്തിനകം വേണുഗോപാലിന് തള്ളി പറയേണ്ടിവരും. ആലപ്പുഴ കടപ്പുറത്ത് പൊളിക്കാത്ത പാലത്തിൽ കൂടി നടന്നു പോയി വേണുഗോപാൽ ചാടും. സുധാകരൻ ജയിച്ചാലും തോറ്റാലും വേണുഗോപാൽ ചെയ്തതിനുള്ളതൊക്കെ അനുഭവിക്കുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
Saji Cheriyan slams G. Sudhakaran; terms him an anti-communist who betrayed the party














