ചേട്ടൻ സൂപ്പറാടാ! സഞ്ജുവിന് ഹാട്രിക്ക് അർധ സെഞ്ചുറി, കലാശപ്പോരിൽ സഞ്ജുവിനൊപ്പം തകർത്തടിച്ച് അഭിഷേകും കിഷനും, കിവീസിന് 256 റൺസ് വിജയലക്ഷ്യം നൽകി ഇന്ത്യ

ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കിയ ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 255 റൺസെടുത്തു. മലയാളി താരം സഞ്ജു സാംസണിന്റെ തകർപ്പൻ ഇന്നിങ്സാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. പവർപ്ലേ മുതൽ തകർത്തടിച്ച ഇന്ത്യൻ ഓപ്പണർമാർ കിവീസ് ബൗളർമാരെ കാഴ്ചക്കാരാക്കി മാറ്റി.

തുടക്കത്തിൽ അല്പം പതറിയെങ്കിലും അഞ്ചാം പന്തിൽ സിക്സറടിച്ചുകൊണ്ട് സഞ്ജു സാംസൺ ആണ് ഇന്ത്യയുടെ റൺവേട്ടയ്ക്ക് തുടക്കമിട്ടത്. മൂന്നാം ഓവർ മുതൽ സഞ്ജുവും അഭിഷേക് ശർമ്മയും ചേർന്ന് താണ്ഡവമാടിയതോടെ പവർപ്ലേയിൽ ഇന്ത്യ 92 റൺസെന്ന വമ്പൻ നിലയിലെത്തി. അഭിഷേക് ശർമ്മ 18 പന്തിൽ അർധസെഞ്ചുറി തികച്ചു. 21 പന്തിൽ 52 റൺസെടുത്ത് അഭിഷേക് പുറത്തായെങ്കിലും പിന്നാലെ വന്ന ഇഷാൻ കിഷനെ കൂട്ടുപിടിച്ച് സഞ്ജു സാംസൺ ഇന്ത്യയെ 150 കടത്തി.

33 പന്തിൽ അർധസെഞ്ചുറി തികച്ച സഞ്ജു പിന്നീട് ട്രാക്ക് മാറ്റുകയും ലോക്കി ഫെർഗൂസൺ ഉൾപ്പെടെയുള്ള കിവീസ് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിക്കുകയും ചെയ്തു. 46 പന്തിൽ എട്ട് സിക്സറുകളും അഞ്ച് ഫോറുകളുമടക്കം 89 റൺസെടുത്ത സഞ്ജു ഇന്ത്യയുടെ ടോപ്പ് സ്കോററായി. സെമി ഫൈനലിലേതിന് സമാനമായ സ്കോറിലാണ് താരം ഇന്നും മടങ്ങിയത്. ഇഷാൻ കിഷൻ 25 പന്തിൽ 54 റൺസെടുത്ത് മികച്ച പിന്തുണ നൽകി. ഇരുവരും പുറത്തായതോടെ ഒരു ഘട്ടത്തിൽ ഇന്ത്യയുടെ റണ്ണൊഴുക്ക് കുറഞ്ഞു.

അവസാന ഓവറുകളിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഗോൾഡൻ ഡക്കായി പുറത്തായതും ഹാർദിക് പാണ്ഡ്യയ്ക്ക് വേഗത്തിൽ റൺസ് കണ്ടെത്താൻ കഴിയാത്തതും ഇന്ത്യയെ അല്പം പ്രതിരോധത്തിലാക്കി. എന്നാൽ അവസാന ഓവറിൽ ശിവം ദുബെ നടത്തിയ വെടിക്കെട്ട് പ്രകടനം ഇന്ത്യയെ 255 എന്ന റെക്കോർഡ് സ്കോറിലെത്തിച്ചു. ദുബെ എറിഞ്ഞ അവസാന ഓവറിൽ മാത്രം 24 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. കിരീടമുയർത്താൻ 256 റൺസെന്ന ഹിമാലയൻ ലക്ഷ്യവുമായാണ് ന്യൂസിലൻഡ് മറുപടി ബാറ്റിങ്ങിനിറങ്ങുന്നത്.

Sanju Samson Shines in Final: India Sets a Massive Target of 256 for New Zealand

More Stories from this section

family-dental
witywide