
ലണ്ടൻ: ലോകമെമ്പാടുമുള്ള 8.5 കോടി ആംഗ്ലിക്കൻ വിശ്വാസികളുടെ ആത്മീയ നേതൃത്വത്തിലേക്ക് ആദ്യമായി ഒരു വനിത നിയമിതയായി. മുൻ നഴ്‌സും മിഡ്‌വൈഫുമായിരുന്ന 63 വയസ്സുകാരി സാറാ മള്ളളി ബുധനാഴ്ച കാന്റർബറി ആർച്ച് ബിഷപ്പായി സ്ഥാനമേറ്റു. നൂറ്റാണ്ടുകൾ പഴക്കമുള്ള ആംഗ്ലിക്കൻ സഭയുടെ ചരിത്രത്തിൽ ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് ഇവർ. തെക്കുകിഴക്കൻ ഇംഗ്ലണ്ടിലെ കാന്റർബറി കത്തീഡ്രലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ബ്രിട്ടീഷ് കിരീടാവകാശി വില്യം രാജകുമാരനും പത്നി കാതറിനും ഉൾപ്പെടെ രണ്ടായിരത്തോളം വിശിഷ്ട വ്യക്തികൾ സാക്ഷികളായി.
പുരാതനമായ ആചാരങ്ങൾ പാലിച്ചുകൊണ്ടായിരുന്നു സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്. കത്തീഡ്രലിന്റെ പടിഞ്ഞാറേ വാതിലിൽ തന്റെ വടികൊണ്ട് മൂന്ന് തവണ മുട്ടി അനുവാദം ചോദിച്ചാണ് സാറ പള്ളിക്കുള്ളിലേക്ക് പ്രവേശിച്ചത്. കടും മഞ്ഞയും സ്വർണ്ണനിറവും കലർന്ന വസ്ത്രമണിഞ്ഞെത്തിയ അവരെ പ്രാദേശിക സ്കൂൾ കുട്ടികൾ സ്വീകരിച്ചു. ക്രിസ്തുവിന്റെ സ്നേഹം പ്രചരിപ്പിക്കാനും ഹൃദയവും ആത്മാവും സമർപ്പിച്ച് ദൈവത്തെ ആരാധിക്കാനുമാണ് താൻ ആർച്ച് ബിഷപ്പായി നിയോഗിക്കപ്പെട്ടിരിക്കുന്നതെന്ന് അവർ കുട്ടികൾക്ക് മറുപടി നൽകി. തുടർന്ന് രണ്ട് വ്യത്യസ്ത സിംഹാസനങ്ങളിൽ അവരെ പ്രതിഷ്ഠിച്ചു. കാന്റർബറി രൂപതയുടെ ബിഷപ്പ് എന്ന നിലയിലും ആഗോള ആംഗ്ലിക്കൻ സമൂഹത്തിന്റെ ആത്മീയ നേതാവ് എന്ന നിലയിലുമുള്ള ഇരട്ട ഉത്തരവാദിത്തങ്ങളെയാണ് ഈ സിംഹാസനങ്ങൾ സൂചിപ്പിക്കുന്നത്.
സഭയ്ക്കുള്ളിലെ ലൈംഗിക പീഡന പരാതികൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനെത്തുടർന്ന് 2024 നവംബറിൽ മുൻ ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി രാജിവെച്ചിരുന്നു. എഴുപതുകളിൽ നടന്ന പീഡനവിവരങ്ങൾ സഭ മറച്ചുവെച്ചുവെന്നും 2013-ൽ ഈ വിവരം ശ്രദ്ധയിൽപ്പെട്ടിട്ടും അധികൃതരെ അറിയിക്കുന്നതിൽ വെൽബി പരാജയപ്പെട്ടുവെന്നുമുള്ള അന്വേഷണ റിപ്പോർട്ടിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പടിയിറക്കം. വിവാദങ്ങൾക്കിടയിൽ സഭയെ നയിക്കാൻ സാറാ മള്ളളി എത്തുമ്പോൾ വിശ്വാസികൾ വലിയ പ്രതീക്ഷയിലാണ്.















