ശരണ്യയെ കണ്ടെത്തി; കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തിയത് വനമേഖലയിൽ നിന്ന് നാലാം നാൾ

ട്രക്കിങ്ങിനിടെ കർണാടക കുടകിൽ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി. നാലാം ദിവസത്തെ തിരച്ചിലിനൊടുവിലാണ് വനമേഖലയിൽ നിന്ന് ശരണ്യയെ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് ശരണ്യയെ കാണാതായത്. ട്രക്കിങ്ങിന് പോയ മലയിലാണ് ശരണ്യയുള്ളത്. എംഎൽഎ അടക്കമുള്ളവർ ശരണ്യ കുടുങ്ങി കിടക്കുന്ന സ്ഥലത്തേയ്ക്ക് എത്തും. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.

കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോൾ കയറുകയായിരുന്നു ലക്ഷ്യം. യുവ ഐ.ടി. പ്രൊഫഷണലാണ് കാണാതായ ശരണ്യ. വ്യാഴാഴ്ച രാവിലെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ശരണ്യ ഉൾപ്പെടെയുള്ള സംഘം ട്രക്കിങ്ങിനായി പുറപ്പെട്ടത്. കാട്ടാന ശല്യമുള്ളതിനാൽ മറ്റ് 10 പേർ അടങ്ങുന്ന സംഘത്തിനൊപ്പം പോകാൻ ശരണ്യയോട് വനംവകുപ്പ് ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നു. വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല.

ഉച്ചയ്ക്ക് രണ്ടരയോടെ തനിക്ക് വഴിതെറ്റിപ്പോയെന്ന് ശരണ്യ ഹോംസ്‌റ്റേയിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് ഹോംസ്‌റ്റേ ജീവനക്കാരും, നാട്ടുകാരും വനപ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെ, ശരണ്യയുടെ മൊബൈൽഫോൺ സ്വിച്ച് ഓഫായി. തുടർന്നാണ് വനംവകുപ്പിനെയും പൊലീസിനെയും വിവരമറിയിച്ചത്.

കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്നാണ് തിരച്ചിൽ തുടരുന്നത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ. ഡ്രോണുകളും സ്നിഫർ നായകളെയും ഉപയോഗിച്ച് വനത്തിന് അകത്തും മറ്റ് വഴികളിലും പരിശോധന നടത്തുന്നുണ്ട്. നക്സൽ വിരുദ്ധ സേനയും തിരച്ചിൽ സംഘത്തിലുണ്ട്.

Saranya found; Saranya, who went missing while trekking in Kodagu, was found in the forest area on the fourth day

More Stories from this section

family-dental
witywide