
കൊച്ചി: കേരളത്തിൽ ഏപ്രിൽ ആദ്യവാരത്തോടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്ന സൂചനകൾ പുറത്തുവരുന്നതിനൊപ്പം വിവിധ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥി പ്രഖ്യാപനങ്ങളും ശ്രദ്ധനേടുന്നു. തിരഞ്ഞെടുപ്പിൽ ശ്രദ്ധാകേന്ദ്രമായ പാലക്കാട് മണ്ഡലത്തിൽ പി. സരിൻ്റെ പേരാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിച്ചതെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. കോൺഗ്രസിൽനിന്നു സിപിഎമ്മിൽ എത്തിയ സരിൻ 2024ൽ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രസ്ഥാനാർഥിയായിരുന്നു.
മറ്റ് മുന്നണികളുടെ തീരുമാനം വന്ന ശേഷം മതി പാലക്കാട്ടെ സ്ഥാനാർഥി പ്രഖ്യാപനമെന്നും ധാരണയായി. തൃത്താലയിൽ മന്ത്രി എം.ബി. രാജേഷ് തന്നെ മത്സരിക്കും. തൃപ്പൂണിത്തുറയിൽ സ്വരാജിനാണ് മുൻഗണന എങ്കിലും മുൻ മേയർ എം.അനിൽകുമാർ, കെ.എസ്.അരുൺകുമാർ എന്നിവരും പട്ടികയിലുണ്ട്. ഇതിനു പുറമേ അനിൽകുമാറിനെ എറണാകുളത്തും പരിഗണിക്കുന്നുണ്ട്.
ഇതിനിടെ, ആലത്തൂരിലും നെന്മാറയിലും രണ്ട് ടേം പൂർത്തിയാക്കിയ കെ.ഡി. പ്രസേനനും കെ. ബാബുവും മാറിയേക്കുമെന്നും സൂചനയുണ്ട്. നെന്മാറയിൽ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ. പ്രേമന് സാധ്യത തെളിയുന്നുണ്ട്. ആലത്തൂരിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി. പൊന്നുകുട്ടനും സാധ്യതയേറയാണ്. വ്യാഴാഴ്ച ചേർന്ന സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റാണ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊണ്ടത്.
അതേസമയം, മുൻ മന്ത്രി ജി.സുധാകരൻ്റെ ജില്ലയായ ആലപ്പുഴയിലും നിർണായക നീക്കങ്ങളാണ് നടക്കുന്നത്. ഇത്തവണയും സുധാകരൻ മത്സരിക്കാൻ സാധ്യതയില്ല. സുധാകരനെ മത്സരിപ്പിക്കേണ്ടതല്ലേ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ചോദ്യമുണ്ടായെങ്കിലും അനുകൂല മറുപടിയല്ല എംവി ഗേവിന്ദൻ നൽകിയത്. സ്ഥാനാർഥി നിർണയത്തിനു മാനദണ്ഡങ്ങളുണ്ടെന്നും അതുപ്രകാരം മാറ്റിനിർത്തിയവരെപ്പറ്റി ചർച്ച വേണ്ടെന്നുമായിരുന്നു ഗോവിന്ദൻ പ്രതികരിച്ചത്.
ചെങ്ങന്നൂരിൽ സജി ചെറിയാൻ, മാവേലിക്കരയിൽ എം.എസ്.അരുൺകുമാർ, അമ്പലപ്പുഴയിൽ എച്ച്.സലാം, ആലപ്പുഴയിൽ പി.പി.ചിത്തരഞ്ജൻ എന്നീ സിറ്റിങ് എംഎൽഎമാരുടെ പേര് വീണ്ടും നിർദേശിക്കപ്പെട്ടിട്ടുണ്ട്. ജില്ലാ സെക്രട്ടറി ആർ.നാസറിനെ അരൂരിലേക്കും കായംകുളത്തേക്കും പരിഗണിക്കുന്നുണ്ട്. അരൂരിൽ ദലീമ ജോജോയുടെ പേരുമുണ്ട്. കായംകുളത്തു യു.പ്രതിഭ, കെ.എച്ച്.ബാബുജാൻ എന്നിവരുടെ പേരുകളാണു പരിഗണനയിൽ.
പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ തുടർച്ചയായി 5 വട്ടം ജയിച്ച പറവൂരിൽ ഇപ്പോഴും സിപിഐക്കും സിപിഎമ്മിനും അനിശ്ചിതത്വം തുടരുകയാണ്. സീറ്റ് ഏറ്റെടുക്കണമെന്ന് സിപിഎം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, സീറ്റ് വച്ചുമാറ്റത്തിനു തയാറല്ലെന്നാണ് സിപിഐയുടെ പ്രതികരണം.
Sarin in Palakkad, Swaraj in Tripunithura, MB Rajesh in Thrithala, election candidate update















