
തമിഴ്‌നാടിനെ നടുക്കിയ സാത്താൻകുളം കസ്റ്റഡി കൊലപാതകക്കേസിൽ പ്രതികളായ ഒൻപത് പൊലീസുകാർക്കും വധശിക്ഷ വിധിച്ച് മധുര ജില്ലാ കോടതി. ആറ് വർഷം മുൻപ് നടന്ന ക്രൂരമായ കൊലപാതകം അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് വിലയിരുത്തിയാണ് കോടതിയുടെ ഈ ചരിത്രപരമായ ഉത്തരവ്. കോവിഡ് ലോക്ക്ഡൗൺ ചട്ടങ്ങൾ ലംഘിച്ച് കട തുറന്നുവെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത ജയരാജ്, മകൻ ബെനിക്സ് എന്നിവർ മരിച്ച കേസിൽ ഇൻസ്‌പെക്ടർ ശ്രീധർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് ശിക്ഷിക്കപ്പെട്ടത്.
കസ്റ്റഡി മരണത്തിന് നേതൃത്വം നൽകിയ ഇൻസ്‌പെക്ടർ ശ്രീധറിന് വിവിധ വകുപ്പുകളിലായി രണ്ട് വധശിക്ഷയും 84 ലക്ഷം രൂപ പിഴയും കോടതി ചുമത്തി. രണ്ട് സബ് ഇൻസ്‌പെക്ടർമാർ, രണ്ട് ഹെഡ് കോൺസ്റ്റബിൾമാർ, നാല് കോൺസ്റ്റബിൾമാർ എന്നിവരാണ് വധശിക്ഷ ലഭിച്ച മറ്റ് പ്രതികൾ. എല്ലാവരും ഒരുപോലെ കുറ്റക്കാരാണെന്നും ആരാണ് കൂടുതൽ ഉപദ്രവിച്ചത് എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതികൾ പൊലീസുകാരായതിനാൽ നിയമത്തിന്റെ കാവൽക്കാർ തന്നെ നിയമലംഘകരായത് ഗൗരവകരമായി കാണേണ്ടതുണ്ടെന്നും വിധിയിൽ പറയുന്നു.
ഭാവിയിൽ കസ്റ്റഡി കൊലപാതകങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ താക്കീതാകണം ഈ ശിക്ഷയെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രതികൾ സാധാരണക്കാരായിരുന്നെങ്കിൽ സാധാരണ ശിക്ഷ മതിയായിരുന്നുവെന്നും എന്നാൽ പൊലീസുകാർ ഇത്തരം ക്രൂരകൃത്യങ്ങളിൽ ഏർപ്പെടുന്നത് വെച്ചുപൊറുപ്പിക്കാനാവില്ലെന്നും ജഡ്ജി വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നീതി ഉറപ്പാക്കുന്ന ഈ വിധി മനുഷ്യാവകാശ പോരാട്ടങ്ങളിലെ സുപ്രധാന നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.
Sathankulam custodial death case: Madurai court sentences 9 police officers to death in rarest of rare case















