
സൗദി അറേബ്യയിൽ മാർക്കറ്റിംഗ്, സെയിൽസ് തസ്തികകളിൽ സ്വദേശിവൽക്കരണം (സൗദിവൽക്കരണം) 60 ശതമാനമായി ഉയർത്തിക്കൊണ്ട് മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയം ഉത്തരവിട്ടു. മൂന്നോ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് ഈ പുതിയ നിയമം ബാധകമാകുന്നത്. ഏകദേശം 18-ഓളം വ്യത്യസ്ത തസ്തികകളെ ഈ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ തൊഴിൽ മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സുപ്രധാന നീക്കം.
അടുത്ത മൂന്ന് മാസത്തിനുള്ളിൽ പുതിയ തീരുമാനം ഔദ്യോഗികമായി പ്രാബല്യത്തിൽ വരും. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും നിയമം നടപ്പിലാക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. ഈ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികളെ പുതിയ തീരുമാനം വലിയ രീതിയിൽ ബാധിക്കാൻ സാധ്യതയുണ്ട്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.














