വാഷിങ്ടൺ: വിദേശത്തേക്ക് താമസം മാറുമ്പോൾ ജീവിതത്തിലെ മുൻഗണനകളും ഇഷ്ടങ്ങളും എങ്ങനെ മാറുന്നുവെന്ന് പങ്കുവച്ച് അമേരിക്കയിൽ കഴിയുന്ന ഇന്ത്യൻ യുവതി. ഇന്ത്യയിൽ കഴിയുമ്പോൾ പാശ്ചാത്യ ഭക്ഷണം കഴിക്കാൻ ആഗ്രഹിച്ചിരുന്നവർ അമേരിക്കയിലെത്തിയ ശേഷം ഇന്ത്യൻ ഭക്ഷണം തേടുന്നതുൾപ്പെടെയുള്ള അനുഭവങ്ങളാണ് യുവതി സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
@american_desi_family എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. ഇന്ത്യയിൽ ആയിരുന്നപ്പോൾ ആഗ്രഹിച്ച പല കാര്യങ്ങളും വിദേശത്തെത്തിയപ്പോൾ നഷ്ടപ്പെടുന്നതിന്റെ വൈരുധ്യമാണ് വീഡിയോയിൽ യുവതി ചൂണ്ടിക്കാട്ടുന്നത്. “ജീവിതത്തിലെ ഈ വൈരുധ്യം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഇന്ത്യയിൽ ആയിരുന്നപ്പോൾ അമേരിക്കയിലേക്ക് വരാൻ പണം സ്വരുക്കൂട്ടുകയായിരുന്നു. ഇപ്പോൾ അമേരിക്കയിലെത്തിയപ്പോൾ ഇന്ത്യ സന്ദർശിക്കാൻ പണം സ്വരുക്കൂട്ടുന്നു.
ഇന്ത്യയിൽ ആയിരുന്നപ്പോൾ എല്ലാ വാരാന്ത്യങ്ങളിലും പിസയും ബർഗറും കഴിക്കാൻ ആഗ്രഹിച്ചിരുന്നു. ഇപ്പോൾ അമേരിക്കയിൽ എത്തിയപ്പോൾ എല്ലാ വാരാന്ത്യങ്ങളിലും ഇന്ത്യൻ ഭക്ഷണം കഴിക്കാൻ ഇന്ത്യൻ റെസ്റ്ററന്റുകൾ അന്വേഷിക്കുന്നു.ഇന്ത്യയിൽ ആയിരുന്നപ്പോൾ സ്വന്തം ആളുകളിൽനിന്ന് സ്വകാര്യത തേടിയിരുന്നു. ഇപ്പോൾ ഇവിടെ അപരിചിതർക്കിടയിൽ സ്വന്തം ആളുകളെ തേടുകയാണ്,” യുവതി പറഞ്ഞു.
വീടും നാടും വിട്ട് മറ്റൊരു രാജ്യത്ത് താമസിക്കുമ്പോൾ മുമ്പ് നിസ്സാരമായി കണ്ടിരുന്ന പല കാര്യങ്ങളുടെയും മൂല്യം മാറുന്നതാണ് വീഡിയോയിലൂടെ വ്യക്തമാക്കുന്നത്.ഇന്ത്യയിൽ കഴിയുമ്പോൾ വിദേശത്തേക്ക് പോകുന്നത് വലിയൊരു ലക്ഷ്യമായി തോന്നിയേക്കാം. പാശ്ചാത്യ ഭക്ഷണവും കൂടുതൽ സ്വകാര്യതയുമൊക്കെ ആകർഷകമായി തോന്നുകയും ചെയ്യും. എന്നാൽ മറ്റൊരു രാജ്യത്ത് താമസം ഉറപ്പിച്ചുകഴിഞ്ഞാൽ സ്വന്തം നാട്ടിലെ പരിചിതമായ ഭക്ഷണവും ആളുകളും ദൈനംദിന ജീവിതത്തിലെ ചെറിയ അനുഭവങ്ങളുമെല്ലാം ഏറ്റവും കൂടുതൽ ഓർമ വരാൻ തുടങ്ങും.“അപരിചിതർക്കിടയിൽ സ്വന്തം ആളുകളെ തേടുന്നു” എന്ന യുവതിയുടെ വാക്കുകളാണ് സമൂഹമാധ്യമ ഉപയോക്താക്കളിൽ ഏറെ പ്രതികരണം നേടിയത്.
വീടും നാടും വിട്ട് കഴിയുന്ന നിരവധി കുടിയേറ്റക്കാർക്ക് പരിചിതമായ ആളുകളുമായും സംസ്കാരവുമായും ബന്ധം നിലനിർത്താനുള്ള ആഗ്രഹമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് പലരും അഭിപ്രായപ്പെട്ടു. വീഡിയോയ്ക്ക് നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്.“ഇത് വേദനിപ്പിക്കുന്നത്ര യാഥാർഥ്യമാണ്,” ഒരാൾ കുറിച്ചു. “അകലം നമ്മുടെ കാഴ്ചപ്പാട് തന്നെ മാറ്റുന്നു,” എന്ന് മറ്റൊരാൾ പ്രതികരിച്ചു. “നമ്മൾ വിട്ടുപോകുന്ന കാര്യങ്ങളെയാണ് പിന്നീട് എപ്പോഴും മിസ് ചെയ്യുന്നത്,” മറ്റൊരാൾ പറഞ്ഞു.“വിദേശത്ത് താമസിച്ചുതുടങ്ങിയാൽ ഇന്ത്യയ്ക്ക് മറ്റൊരു അനുഭവമാണ്,” എന്നും ഒരാളും വീടും നാടും വിട്ടുള്ള ജീവിതത്തെ ഇത് കൃത്യമായി അവതരിപ്പിക്കുന്നുവെന്ന് മറ്റൊരാളും പ്രതികരിച്ചു.
‘Saving money to visit India’: Indian woman in US shares the irony of life abroad














