പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് തടസ്സപ്പെടുത്തിയെന്ന ആരോപണത്തിൽ സുപ്രീം കോടതി അതീവ ഗൗരവത്തോടെ ഇടപെടുന്നു. കേന്ദ്ര ഏജൻസിയുടെ അന്വേഷണം തടസ്സപ്പെടുത്തുന്ന സംസ്ഥാന സർക്കാരിന്റെ നടപടി നിയമവാഴ്ചയ്ക്ക് ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി മമത ബാനർജിക്കും ബംഗാൾ സർക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു.
റെയ്ഡിനിടെ ഇഡി ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത കേസുകൾ കോടതി സ്റ്റേ ചെയ്തു. രാഷ്ട്രീയ നേതാക്കൾ കുറ്റവാളികളെ സംരക്ഷിക്കാൻ പാടില്ലെന്ന് ഓർമ്മിപ്പിച്ച കോടതി, അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ സിസിടിവി ദൃശ്യങ്ങളും നശിപ്പിക്കാതെ സൂക്ഷിച്ചുവെക്കാനും നിർദ്ദേശിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ രേഖകൾ പിടിച്ചെടുക്കാനാണ് ഇഡി എത്തിയതെന്ന മമത ബാനർജിയുടെ വാദം കോടതി ഗൗരവമായി എടുത്തു.
അതേസമയം, കേന്ദ്ര ഏജൻസികൾ തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ ഇടപെടരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി. എന്നാൽ, അന്വേഷണം തടസ്സപ്പെടുത്താൻ ഇത് കാരണമായി ഉന്നയിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഇഡി ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ മുഖ്യമന്ത്രി പിടിച്ചുവാങ്ങിയെന്ന സോളിസിറ്റർ ജനറലിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ കോടതി, വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്ന ഇഡിയുടെ ആവശ്യം പിന്നീട് പരിഗണിക്കാൻ മാറ്റിവെച്ചു.












