
ഒട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള ടംബ്ലർ റിഡ്ജ് എന്ന ചെറുപട്ടണത്തിലുണ്ടായ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ വെടിയുതിർത്തതെന്ന് സംശയിക്കുന്ന സ്ത്രീയും ഉൾപ്പെടുന്നതായാണ് വിവരം. ഇതിൽ 6 പേർ ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിന് ഉള്ളിലും, ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും, മറ്റ് രണ്ട് പേർ അടുത്തുള്ള ഒരു വീട്ടിലുമാണ് കൊല്ലപ്പെട്ടത്. ഏകദേശം 25 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.
തവിട്ടുനിറത്തിലുള്ള മുടിയുള്ള, ഗൗൺ ധരിച്ച ഒരു സ്ത്രീയാണ് വെടിയുതിർത്തതെന്ന് പൊലീസ് അയച്ച ജാഗ്രതാ നിർദ്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. ഇവർ സ്വയം വെടിവെച്ച് മരിച്ചതായാണ് റിപ്പോർട്ട്.
സംഭവത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സ്കൂളും പരിസരപ്രദേശങ്ങളും പൊലീസ് നിയന്ത്രണത്തിലാണ്. ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് ഇബി ഈ സംഭവത്തെ “അചിന്തനീയമായ ദുരന്തം” എന്ന് വിശേഷിപ്പിച്ചു. സംഭവത്തെത്തുടർന്ന് സ്കൂളുകൾ ഈ ആഴ്ച മുഴുവൻ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.
School shooting in Canada: 10 people killed, 25 injured, including female suspect















