ട്രക്കിംഗിനിടെ കർണാടക കുടകിലെ കൂർഗിൽ കാണാതായ ശരണ്യയ്ക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ച് പിണറായി വിജയൻ. ശരണ്യയെ എത്രയും വേഗം കണ്ടെത്തി സുരക്ഷിതമായി എത്തിക്കാൻ ആവശ്യമായ ഇടപെടൽ നടത്തണമെന്നും നേരിട്ട് വിഷയത്തിൽ ഇടപെടണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൊച്ചിയിൽനിന്നാണ് ശരണ്യ കുടകിലെത്തിയത്.
കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോൾ കയറുകയായിരുന്നു ലക്ഷ്യം. യുവ ഐ.ടി. പ്രൊഫഷണലാണ് കാണാതായ ശരണ്യ. വ്യാഴാഴ്ച രാവിലെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ശരണ്യ ഉൾപ്പെടെയുള്ള സംഘം ട്രക്കിങ്ങിനായി പുറപ്പെട്ടത്. കാട്ടാന ശല്യമുള്ളതിനാൽ മറ്റ് 10 പേർ അടങ്ങുന്ന സംഘത്തിനൊപ്പം പോകാൻ ശരണ്യയോട് വനംവകുപ്പ് ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നു. വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല.
ഉച്ചയ്ക്ക് രണ്ടരയോടെ തനിക്ക് വഴിതെറ്റിപ്പോയെന്ന് ശരണ്യ ഹോംസ്‌റ്റേയിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് ഹോംസ്‌റ്റേ ജീവനക്കാരും, നാട്ടുകാരും വനപ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെ, ശരണ്യയുടെ മൊബൈൽഫോൺ സ്വിച്ച് ഓഫായി. തുടർന്നാണ് വനംവകുപ്പിനെയും പൊലീസിനെയും വിവരമറിയിച്ചത്.
കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്നാണ് തിരച്ചിൽ തുടരുന്നത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ. ഡ്രോണുകളും സ്നിഫർ നായകളെയും ഉപയോഗിച്ച് വനത്തിന് അകത്തും മറ്റ് വഴികളിലും പരിശോധന നടത്തുന്നുണ്ട്. നക്സൽ വിരുദ്ധ സേനയും തിരച്ചിൽ സംഘത്തിലുണ്ട്.
Search for Saranya should be intensified; Chief Minister pinarayi vijayan writes to Siddaramaiah















