
ഡാളസ്: അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തുള്ള ഒരു ഹൈന്ദവ ക്ഷേത്രത്തിൽ വിസ തടസ്സങ്ങൾ മാറുന്നതിനായി പ്രത്യേക പ്രാർത്ഥനകൾ നടത്തുന്നതിനെതിരെ തീവ്ര വലതുപക്ഷ സംഘടനയായ ടേണിംഗ് പോയിൻ്റ് യുഎസ്എയുടെ (TPUSA) റിപ്പോർട്ടർ സവാന ഹെർണാണ്ടസ് രംഗത്ത്. നോർത്ത് ടെക്സസിലെ ഫ്രിസ്കോയിലുള്ള കാര്യ സിദ്ധി ഹനുമാൻ ക്ഷേത്ര സന്ദർശനത്തിനിടെയാണ് സവാന ആ കാഴ്ച കാണുന്നത്.
“ആരോഗ്യം, ജോലി വിസ, മറ്റ് പ്രശ്നങ്ങൾ എന്നിവയ്ക്ക് അനുഗ്രഹം തേടുക” എന്നെഴുതിയ ബോർഡ് ക്ഷേത്രത്തിനുള്ളിൽ കണ്ട താൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയെന്ന് സവാന എക്സിൽ കുറിച്ചു. ടെക്സസിലെ ജനസംഖ്യാപരമായ മാറ്റങ്ങളെക്കുറിച്ചും വർദ്ധിച്ചുവരുന്ന ഇന്ത്യൻ സാന്നിധ്യത്തെക്കുറിച്ചും ഡോക്യുമെൻ്ററി തയ്യാറാക്കുന്നതിൻ്റെ ഭാഗമായാണ് അവർ ക്ഷേത്രത്തിലെത്തിയത്.
Still in shock that I walked into an Indian temple in Texas and the first thing I saw was blessings for “job visas” 😭😭 pic.twitter.com/8GvwhmoMZm
— Savanah Hernandez (@Savsays) April 4, 2026
ടെക്സസ് ‘മിനി ഇന്ത്യ’യായി മാറിക്കൊണ്ടിരിക്കുകയാണെന്നും തദ്ദേശീയരായ അമേരിക്കക്കാർക്ക് സ്വന്തം നാട് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണെന്നും സവാന തൻ്റെ 30 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ വാദിക്കുന്നു. ഫ്രിസ്കോ, പ്ലാനോ, ഇർവിംഗ് തുടങ്ങിയ നഗരങ്ങളിൽ ഇന്ത്യൻ-മുസ്ലിം കുടിയേറ്റക്കാരുടെ എണ്ണം അതിവേഗം വർദ്ധിക്കുന്നത് പ്രാദേശിക സംസ്കാരത്തെ ബാധിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം.
ക്രിക്കറ്റ് മൈതാനങ്ങളായി മാറുന്ന പാർക്കുകൾ, ഹോളിയുൾപ്പെടെയുള്ള ആഘോഷങ്ങൾ, തെരുവുകൾക്ക് നൽകുന്ന ഇന്ത്യൻ പേരുകൾ എന്നിവയെല്ലാം വീഡിയോയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ക്ഷേത്രത്തിലെ ആചാരങ്ങളെയും വിഗ്രഹങ്ങളെയും പരിഹസിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങളും വീഡിയോയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്നു.
സവാനയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ അമേരിക്കയിലെ കുടിയേറ്റ വിരുദ്ധ വിഭാഗങ്ങൾ കടുത്ത വംശീയ പരാമർശങ്ങളുമായി രംഗത്തെത്തി. ടെക്സസ് പിടിച്ചെടുക്കപ്പെടുകയാണെന്നും ‘കുരങ്ങൻ ദൈവത്തെ’ ആരാധിക്കുന്ന ക്ഷേത്രങ്ങൾ വർദ്ധിക്കുന്നുവെന്ന തരത്തിലുള്ള അധിക്ഷേപങ്ങളും എക്സിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം, ഒരു മതവിശ്വാസത്തെയും ആരാധനാലയത്തെയും ലക്ഷ്യം വച്ചുള്ള ഈ റിപ്പോർട്ടിംഗിനെതിരെ കടുത്ത വിമർശനവും ഉയരുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ അമേരിക്കയിൽ ഇന്ത്യക്കാർക്കെതിരെയുള്ള വംശീയ വിദ്വേഷം ഇരട്ടിയിലധികം വർദ്ധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തൊഴിൽ മേഖലയിൽ വിസ നിയമങ്ങൾ ഉപയോഗിച്ച് ഇന്ത്യക്കാർ അമേരിക്കക്കാരുടെ അവസരങ്ങൾ ഇല്ലാതാക്കുന്നു എന്ന തരത്തിലുള്ള ചർച്ചകൾ ഫ്രിസ്കോ സിറ്റി കൗൺസിൽ യോഗങ്ങളിൽ പോലും വരാറുണ്ട്.
seek blessings for visa”; Surprised to see the board at the temple, American reporter’s documentary causes controversy















