
കൊൽക്കത്ത: മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര റെയിൽവേ മന്ത്രിയുമായ മുകുൾ റോയ് (71) അന്തരിച്ചു. കൊൽക്കത്തയിലെ സാൾട്ട് ലേക്കിലുള്ള അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെ 1:30 ഓടെയായിരുന്നു അന്ത്യം. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് അദ്ദേഹത്തിൻ്റെ മകൻ സുഭ്രാൻഷു റോയ് സ്ഥിരീകരിച്ചു.
തൃണമൂൽ കോൺഗ്രസിൻ്റെ സ്ഥാപക നേതാക്കളിൽ ഒരാളായ അദ്ദേഹം മമത ബാനർജിയുടെ വിശ്വസ്തനും പാർട്ടിയുടെ പ്രധാന തന്ത്രജ്ഞനുമായിരുന്നു. 2012-ൽ യുപിഎ-2 സർക്കാരിൽ കേന്ദ്ര റെയിൽവേ മന്ത്രിയായി സേവനമനുഷ്ഠിച്ചു. കൂടാതെ ഷിപ്പിംഗ് മന്ത്രാലയത്തിൽ സഹമന്ത്രിയായും രണ്ട് തവണ രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
2017-ൽ തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന അദ്ദേഹം 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൃഷ്ണനഗർ ഉത്തർ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. എന്നാൽ തെരഞ്ഞെടുപ്പിന് പിന്നാലെ അദ്ദേഹം വീണ്ടും തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങി. ഡിമെൻഷ്യ ഉൾപ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖർ അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി
Senior Trinamool Congress leader and former Union Railway Minister Mukul Roy passes away













