അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള (ഐഎസ്എസ്) ക്രൂ-11 ദൗത്യത്തിലെ നാലംഗ സംഘത്തിൽ ഒരാൾക്ക് ഗുരുതര ആരോഗ്യപ്രശ്നം ഉണ്ടായതായി നാസ അറിയിച്ചു. പ്രശ്നമുള്ള ബഹിരാകാശ സഞ്ചാരിയുടെ സുരക്ഷ മുൻനിർത്തിയാണ് ദൗത്യം നേരത്തെ അവസാനിപ്പിച്ച് സംഘത്തെ മുഴുവൻ ഭൂമിയിലേക്ക് മടക്കി കൊണ്ടുവരാൻ തീരുമാനിച്ചത്. ഐഎസ്എസിന്റെ 25 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ആരോഗ്യകാരണത്താൽ ഇത്തരമൊരു അടിയന്തര മടക്കയാത്ര നടക്കുന്നത്. പ്രശ്നമുള്ളയാളുടെ പേരോ ആരോഗ്യപ്രശ്നത്തിന്റെ വിശദാംശങ്ങളോ നാസ വെളിപ്പെടുത്തിയിട്ടില്ല.
ക്രൂ-11 സംഘത്തിൽ നാസയുടെ സെന കാർഡ്മാൻ (മിഷൻ കമാൻഡർ), മൈക്ക് ഫിൻകെ (മിഷൻ പൈലറ്റ്), ജപ്പാന്റെ കിമിയ യുവി, റഷ്യയുടെ ഒലെഗ് പ്ലാറ്റോണോവ് എന്നിവരാണ് അംഗങ്ങൾ. ജനുവരി 8ന് നിശ്ചയിച്ചിരുന്ന സെനയുടെയും മൈക്കിന്റെയും ബഹിരാകാശ നടത്തം (സ്പേസ് വാക്ക്) അവസാന നിമിഷം റദ്ദാക്കിയത് ഈ ആരോഗ്യപ്രശ്നം കാരണമാണ്. നിലയത്തിന്റെ പവർ സിസ്റ്റം അറ്റകുറ്റപ്പണി നടത്താനായിരുന്നു ആ നടത്തം പ്ലാൻ ചെയ്തിരുന്നത്.
48 മണിക്കൂറിനുള്ളിൽ തിരിച്ചുവരവിന്റെ കൃത്യമായ തീയതിയും സമയവും നാസ പ്രഖ്യാപിക്കും. ദൗത്യം സാധാരണയായി ആറ് മാസത്തിലധികം നീളുന്നതാണ്, ഫെബ്രുവരിയിൽ ക്രൂ-12 എത്തിയശേഷം മടങ്ങാനായിരുന്നു പദ്ധതി. ഇപ്പോൾ ക്രൂ-11 മടങ്ങിയാൽ റഷ്യൻ സൊയൂസ് എംഎസ്-28 ദൗത്യത്തിലെ മൂന്നംഗ സംഘമായിരിക്കും നിലയത്തിന്റെ ചുമതല ഏറ്റെടുക്കുക. ആസ്ട്രനോട്ടിന്റെ ആരോഗ്യനില സുസ്ഥിരമാണെന്നും പ്രശ്നം ദൗത്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നും നാസ വ്യക്തമാക്കി.















