
കുറ്റിപ്പുറം: മലപ്പുറം ആതവനാട് ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ ലോറിയില്‍ കുടുങ്ങിയ ക്ലീനര്‍ മുസ്തഫയുടെ മൃതദേഹം കരയ്ക്കെത്തിച്ചു. ഏഴ് മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ലോറി ഉയര്‍ത്താൻ കഴിഞ്ഞത്. ലോറിയുടെ ക്യാബിന്‍ തകര്‍ത്താണ് ഉള്ളില്‍ കുടുങ്ങിയ മൃതദേഹം പുറത്തെടുത്തത്. പാചകപ്പൊടികളുമായി പോവുകയായിരുന്ന ‘മലയിൽ ഫുഡ് പ്രോഡക്റ്റ്സി’ന്റെ ലോറിയാണ് വെള്ളി പകൽ ഒന്നോടെ ഊരോത്ത് പള്ളിയാലിൽ അപകടത്തിൽപ്പെട്ടത്.
അപകട സമയത്ത് വെള്ളത്തിലേക്ക് ചാടിയ ലോറി ഡ്രൈവർ ചട്ടിപ്പറമ്പ് സ്വദേശി ജാഫറിനെ നാട്ടുകാർ രക്ഷിച്ചിരുന്നു. ആഴമുള്ള ക്വറിയിലെ വെള്ളത്തിൽ താഴ്ന്നുപോയ ലോറിക്കുള്ളിൽ കുടുങ്ങിയ മുസ്‌തഫയെ കാണാതാകുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷസേന, സ്കൂബ ടീം, നീന്തൽ വിദഗ്‌ധർ, പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്. രക്ഷപ്പെടുത്തിയ ജാഫറിനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇയാളുടെ നട്ടെലിലിന് സാരമായ പരിക്കുണ്ട്. സാധനങ്ങളുമായി പോയ മിനി ലോറി 60 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്. ക്വാറിയുടെ സമീപത്ത് നേരത്തെയും അപകടങ്ങളുണ്ടായിട്ടുണ്ടെന്നും സുരക്ഷാ ഭിത്തിപോലും ഇവിടെ സ്ഥാപിച്ചിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. പലചരക്കുമായി പോകുന്നതിനിടെയാണ് ലോറി ക്വാറിയിലേക്ക് വീണത്. അതുവഴി പോകുകയായിരുന്ന വിദ്യാര്‍ഥിയാണ് അപകടം ആദ്യം കണ്ടത്. പിന്നീട് വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു.










