മധ്യപ്രദേശിൽ മലിനജലം കുടിച്ച് ഏഴ് മരണം, ആയിരത്തിലേറെ പേർ ചികിത്സതേടി ; 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു, സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിലുള്ള ഭഗീരഥ്പുര മേഖലയിൽ മലിനജലം കുടിച്ച് ഏഴുപേർ മരിച്ചതായി റിപ്പോർട്ട്. ഛർദ്ദിയും വയറിളക്കവും ബാധിച്ച നൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്.

ഔദ്യോഗിക കണക്കുകൾ പ്രകാരം മരണം 7 ആണെങ്കിലും മരിച്ചവരുടെ എണ്ണം 10 കവിഞ്ഞതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരിച്ചവരിൽ നന്ദലാൽ പാൽ, ഊർമ്മിള യാദവ്, താര എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി മോഹൻ യാദവ് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ചികിത്സയിലുള്ളവരുടെ എല്ലാ ചെലവുകളും സർക്കാർ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്രധാന കുടിവെള്ള പൈപ്പ്‌ലൈനിലെ ചോർച്ചയെത്തുടർന്ന് മലിനജലം കലർന്നതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. പൈപ്പ്‌ലൈനിന് മുകളിൽ നിർമ്മിച്ച ശൗചാലയത്തിൽ നിന്നുള്ള മാലിന്യം വെള്ളത്തിൽ കലർന്നതായാണ് പ്രാഥമിക കണ്ടെത്തൽ.

വീഴ്ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും ഒരാളെ സർവീസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം നടത്താൻ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. വിഷയത്തിൽ ഇടപെട്ട മധ്യപ്രദേശ് ഹൈക്കോടതി, സംസ്ഥാന സർക്കാരിനോട് ജനുവരി 2-നകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു.

Seven people died after drinking sewage water in Madhya Pradesh

More Stories from this section

family-dental
witywide