
ന്യൂഡൽഹി : ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ ജാവ പ്രവിശ്യയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ശക്തമായ മണ്ണിടിച്ചിൽ ഏഴ് പേർ മരിച്ചു. 82 പേരെ കാണാതായി.
പടിഞ്ഞാറൻ ജാവയിലെ വെസ്റ്റ് ബന്ദുംഗ് ജില്ലയിലെ പാസിർലാംഗു ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്.
മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത അതിശക്തമായ മഴയെത്തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്. പുലർച്ചെ ഏകദേശം 2 മണിയോടെ ഉറങ്ങിക്കിടന്ന ഗ്രാമീണരുടെ വീടുകൾക്ക് മുകളിലേക്ക് മണ്ണും ചെളിയും ഇരച്ചുകയറുകയായിരുന്നു. ഏകദേശം 30-ഓളം വീടുകൾ മണ്ണിനടിയിലായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കാണാതായവർക്കായി സൈന്യവും പൊലീസും സന്നദ്ധപ്രവർത്തകരും ഉൾപ്പെട്ട വലിയൊരു സംഘം തിരച്ചിൽ നടത്തിവരികയാണ്. വരും ദിവസങ്ങളിലും കനത്ത മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ ഇന്തോനേഷ്യൻ കാലാവസ്ഥാ നിരീക്ഷണ ഏജൻസി നിർദ്ദേശം നൽകിയിട്ടുണ്ട്.
Seven people killed in landslide in Indonesia’s West Java province; 82 missing.













