വെനിസ്വേലയിൽ മാധ്യമപ്രവർത്തകർക്കെതിരെ വ്യാപകമായ അടിച്ചമർത്തൽ, നിരവധി മാധ്യമപ്രവർത്തകർ അറസ്റ്റിലായി

കാരക്കാസ് : വെനിസ്വേലയുടെ തലസ്ഥാനമായ കാരക്കാസിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നതിനിടെ തിങ്കളാഴ്ച ഒരു ഡസനിലധികം മാധ്യമ പ്രവർത്തകർ അറസ്റ്റിലായെന്ന് റിപ്പോർട്ട്. യുഎസ് പിടിയിലായ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിന്തുണച്ച് നടന്ന മാർച്ച്, രാജ്യത്തിന്റെ പുതിയ നിയമസഭയുടെ സത്യപ്രതിജ്ഞ എന്നിവയുൾപ്പെടെയുള്ള പരിപാടികൾ റിപ്പോർട്ട് ചെയ്യുകയായിരുന്ന പതിന്നാല് മാധ്യമപ്രവർത്തകരെ അറസ്റ്റുചെയ്തതായി രാജ്യത്തെ പ്രസ് അസോസിയേഷൻ അറിയിച്ചു.

വെനിസ്വേലൻ സുരക്ഷാ സേന തടങ്കലിലാക്കിയവരിൽ 13 പേരെ പിന്നീട് വിട്ടയച്ചുവെങ്കിലും ഒരാളെ നാടുകടത്തി. അന്താരാഷ്ട്ര മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 11 പേരും പ്രാദേശിക മാധ്യമത്തിലെ ഒരാളും ഇതിൽ ഉൾപ്പെടുന്നു. തടങ്കലിലായവരുടെ ഫോണുകൾ നിർബന്ധപൂർവ്വം തുറപ്പിക്കുകയും സന്ദേശങ്ങളും കോൾ വിവരങ്ങളും സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കുകയും ചെയ്തു. വീഡിയോ എടുക്കുന്നതിനും ലൈവ് സ്ട്രീമിംഗിനും കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

മഡുറോയെ യുഎസ് സൈന്യം പിടികൂടിയതിനെത്തുടർന്ന് വെനിസ്വേലയിൽ മാധ്യമപ്രവർത്തകർക്കെതിരെ വ്യാപകമായ അടിച്ചമർത്തൽ നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, മഡുറോയും ഭാര്യ സിലിയ ഫ്ലോറസും നിലവിൽ യുഎസ് കസ്റ്റഡിയിലാണ്. ന്യൂയോർക്കിലെ കോടതിയിൽ ഹാജരാക്കപ്പെട്ട മഡുറോ താൻ നിരപരാധിയാണെന്നും ഇപ്പോഴും വെനിസ്വേലയുടെ പ്രസിഡന്റാണെന്നും വാദിച്ചു.

മഡുറോ അറസ്റ്റിലായതിന് പിന്നാലെ വെനിസ്വേലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസ് സൈനിക നടപടിയെ സഹായിച്ചവരെ കണ്ടെത്താനായി വ്യാപകമായ തിരച്ചിൽ തുടരുകയാണ്. മഡുറോയുടെ അഭാവത്തിൽ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് താൽക്കാലികമായി ഭരണചുമതല ഏറ്റെടുത്തിട്ടുണ്ട്.

several journalists arrested in Venezuela

More Stories from this section

family-dental
witywide