വോട്ടറന്മാരേ ശ്രദ്ധിക്കുക! പോളിംഗ് ബൂത്തിലേക്ക് പോകുമ്പോൾ കുടയും വെള്ളവും കരുതാം; 8 ജില്ലകളിൽ കനത്ത ചൂടിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് കടുക്കുന്നു. താപനില സാധാരണയേക്കാൾ ഉയരാൻ സാധ്യതയുള്ളതിനാൽ എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.

പാലക്കാട് ജില്ലയിൽ താപനില 38°C വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ 37°C വരെയും തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ 36°C വരെയും ചൂട് അനുഭവപ്പെട്ടേക്കാം. ഇത് സാധാരണ ലഭിക്കേണ്ടതിനേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണ്.

ഉയർന്ന താപനിലയോടൊപ്പം വായുവിൽ ഈർപ്പത്തിൻ്റെ അളവ് കൂടുന്നത് കാരണം മലയോര മേഖലകളൊഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത ചൂടും അസ്വസ്ഥതയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ പകൽ സമയം നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

ചൂട് വർധിക്കുന്നതിനിടെ സംസ്ഥാനത്ത് ആശ്വാസമായി ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴയ്ക്കും സാധ്യതയുണ്ട്. ശനിയാഴ്ച വരെ വിവിധയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

Severe heat likely in 8 districts

More Stories from this section

family-dental
witywide