യുഎസിൽ അസാധാരണമായി താപനില കുതിച്ചുയരുന്നു; 40 വർഷത്തെ റെക്കോർഡുകൾ തകർന്നേക്കും, നൂറിലധികം നഗരങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

വാഷിംഗ്ടൺ: അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ കടുത്ത ഉഷ്ണതരംഗം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഞായറാഴ്ചയോടെ രാജ്യത്തെ വിവിധ നഗരങ്ങളിലായി നൂറിലധികം പുതിയ താപനില റെക്കോർഡുകൾ രേഖപ്പെടുത്തിയേക്കുമെന്നാണ് പ്രവചനം. വ്യാഴാഴ്ച മാത്രം അമ്പതോളം സ്ഥലങ്ങളിൽ റെക്കോർഡ് ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്.

പടിഞ്ഞാറൻ മേഖലയിൽ നിന്ന് ആരംഭിച്ച ഉഷ്ണതരംഗം ഇപ്പോൾ രാജ്യത്തിൻ്റെ മധ്യഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ്. പല സംസ്ഥാനങ്ങളിലും സാധാരണ അനുഭവപ്പെടാറുള്ളതിനേക്കാൾ 30 മുതൽ 40 ഡിഗ്രി വരെ അധികം ചൂടാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്.

പ്രധാന നഗരങ്ങളിൽ റെക്കോർഡ് ചൂട്

അരിസോണയുടെ തലസ്ഥാനമായ ഫീനിക്സിൽ താപനില 100 ഡിഗ്രി ഫാരൻഹീറ്റ് (37.7 ഡിഗ്രി സെൽഷ്യസ്) കടന്നു. ഇത് 40 വർഷം പഴക്കമുള്ള റെക്കോർഡാണ് തകർക്കുന്നത്. ഡാളസ്, ഇൻഡ്യാനപൊളിസ്, കൻസാസ് സിറ്റി, ലാസ് വെഗാസ്, നാഷ്‌വിൽ തുടങ്ങിയ പ്രധാന നഗരങ്ങളിലും താപനില റെക്കോർഡ് നിലവാരത്തിലേക്ക് ഉയരുമെന്നാണ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (NOAA) വ്യക്തമാക്കുന്നത്.

ടെക്സാസിലെ അമരില്ലോയിൽ താപനില 99 ഡിഗ്രി വരെ ഉയർന്നേക്കാം. ഇത് 2020-ൽ രേഖപ്പെടുത്തിയ റെക്കോർഡിനേക്കാൾ 11 ഡിഗ്രി കൂടുതലായിരിക്കും. കഴിഞ്ഞ ബുധനാഴ്ച ഡെൻവറിൽ ചരിത്രത്തിലെ ഏറ്റവും ചൂടുള്ള മാർച്ച് മാസമാണ് രേഖപ്പെടുത്തിയത്.

കൊടുങ്കാറ്റിനും സാധ്യത

പടിഞ്ഞാറൻ മേഖലയിൽ നിന്ന് പതുക്കെ കിഴക്കോട്ട് നീങ്ങുന്ന ഈ ഉഷ്ണതരംഗം വെള്ളിയാഴ്ചയോടെ തെക്കുകിഴക്കൻ തീരത്തെത്തും. അന്തരീക്ഷത്തിലുണ്ടാകുന്ന ഈ പെട്ടെന്നുള്ള മാറ്റം മിഡ്‌വെസ്റ്റ് മേഖലയിൽ ശക്തമായ കൊടുങ്കാറ്റുകൾക്കും കാരണമായേക്കാമെന്നും കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. തുടർച്ചയായ ദിവസങ്ങളിൽ അനുഭവപ്പെടുന്ന ഈ അസാധാരണ ചൂട് ജനജീവിതത്തെ കാര്യമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Severe heat wave in America; Warning that more than 100 temperature records may be broken

More Stories from this section

family-dental
witywide