കോൺഗ്രസും ശിവസേനയുമായി തീരാത്ത തർക്കം, ഒടുവിൽ ശരദ് പവാർ വീണ്ടും രാജ്യസഭയിലേക്ക്; എംവിഎയുടെ സമവായ സ്ഥാനാർത്ഥി

മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാ സീറ്റിലേക്ക് മുതിർന്ന നേതാവ് ശരദ് പവാർ വീണ്ടും മത്സരിക്കും. മഹാ വികാസ് അഘാഡി (MVA) സഖ്യത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയായാണ് അദ്ദേഹം എത്തുന്നത്. സീറ്റിനെ ചൊല്ലി ശിവസേനയും കോൺഗ്രസും തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങൾക്കൊടുവിലാണ് പവാറിനെ സ്ഥാനാർത്ഥിയാക്കാൻ ധാരണയായത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നിർദ്ദേശം പവാറിനെ പിന്തുണയ്ക്കാനാണെന്ന് മഹാരാഷ്ട്ര പിസിസി അറിയിച്ചു.

ശിവസേന (യുബിടി) തങ്ങളുടെ നേതാവായ പ്രിയങ്ക ചതുർവേദിയെ മത്സരിപ്പിക്കണമെന്ന് ശക്തമായി വാദിച്ചിരുന്നു. എന്നാൽ സഖ്യത്തിനുള്ളിലെ ഭിന്നത ഒഴിവാക്കാനും ബിജെപി അധിക സ്ഥാനാർത്ഥിയെ ഇറക്കി സീറ്റ് പിടിക്കുന്നത് തടയാനുമാണ് പവാറിനെ തന്നെ വീണ്ടും രംഗത്തിറക്കാൻ തീരുമാനിച്ചത്. പവാറിനെ കോൺഗ്രസ് പിന്തുണയ്ക്കുമെന്ന് എഐസിസി അംഗം രമേശ് ചെന്നിത്തലയും വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തിൽ മഹാ വികാസ് അഘാഡിക്ക് ഒരു സീറ്റിലാണ് വിജയിക്കാൻ സാധിക്കുന്നത്. പവാർ മത്സരിച്ചില്ലെങ്കിൽ ഒരു സ്ഥാനാർത്ഥിയെ കൂടി അധികമായി നിർത്തി സീറ്റ് പിടിച്ചെടുക്കാൻ ബിജെപി സഖ്യം നീക്കം നടത്തുന്നതായി സൂചനയുണ്ടായിരുന്നു. ഈ സാധ്യതകൾ മുന്നിൽക്കണ്ടാണ് മുതിർന്ന നേതാവിനെ തന്നെ കളത്തിലിറക്കാൻ പ്രതിപക്ഷ സഖ്യം തീരുമാനിച്ചത്.

Sharad Pawar to contest Rajya Sabha polls as MVA candidate

More Stories from this section

family-dental
witywide