
കുമളി (ഇടുക്കി): തിരുവനന്തപുരം എംപി ശശി തരൂരിനൊപ്പം ചിത്രം എടുക്കാൻ ശ്രമിച്ച അംഗപരിമിതനായ കോൺഗ്രസ് പ്രവർത്തകനെ വേദിയിൽ നിന്ന് ബലപ്രയോഗത്തിലൂടെ ഇറക്കിവിട്ട് ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു വിവാദത്തിൽ. മറ്റ് കോൺഗ്രസ് പ്രവർത്തകർ ഇതിനെതിരെ ശക്തമായി പ്രതികരിച്ചതോടെ സി പി മാത്യു തന്നെ ഇടപെട്ട് രംഗം ശാന്തമാക്കുകയും, ശശി തരൂരിനൊപ്പം വേദിയിൽവെച്ച് ചിത്രം എടുക്കാൻ ആ പ്രവർത്തകന് അവസരം നൽകുകയും ചെയ്തു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കുമളി ഒന്നാം മൈലിലാണ് സംഭവം നടന്നത്. പീരുമേട് നിയോജക മണ്ഡലം സ്ഥാനാർഥിയായ സിറിയക് തോമസിന്റെ പ്രചാരണത്തിന്റെ ഭാഗമായി കുമളിയിൽ റോഡ് ഷോ നടത്തിയിരുന്നു. തുടർന്ന് ഒന്നാം മൈലിൽ ക്രമീകരിച്ച വേദിയിൽ പ്രസംഗിക്കാൻ ശശി തരൂരെത്തിയപ്പോൾ, വണ്ടിപ്പെരിയാർ സ്വദേശിയും അംഗപരിമിതനുമായ മഹേഷ് ഉൾപ്പടെയുള്ളവർ വേദിയിലേക്ക് കയറാൻ ശ്രമിച്ചു. ഈ സമയം വേദിയിലുണ്ടായിരുന്ന സി.പി. മാത്യു, മഹേഷിനെ വേദിയിൽ കയറുന്നത് തടഞ്ഞു.
ചെറിയ ബലപ്രയോഗത്തിലൂടെ അദ്ദേഹത്തെ വേദിയുടെ പുറത്തേക്ക് ഇറക്കിവിടുകയും ചെയ്തു. വേദിക്ക് സമീപമുണ്ടായിരുന്ന പ്രവർത്തകർ പ്രതിഷേധിച്ചതോടെ, മഹേഷിന് ശശി തരൂരിനൊപ്പം ചിത്രം എടുക്കാൻ സി പി മാത്യു തന്നെ അവസരം ഒരുക്കി. അതേസമയം, വേദിയിലെ തിരക്കിനിടയിൽ ശശി തരൂരിനൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ചതോടെയാണ് തന്നെ തടഞ്ഞതെന്ന് മഹേഷ് പറഞ്ഞു. തിരക്ക് കുറഞ്ഞപ്പോൾ തനിക്ക് വേദിയിൽ നിന്ന് തരൂരിനൊപ്പം ചിത്രം എടുക്കാൻ അവസരം നൽകിയെന്നും, മാത്യു തന്നെ ഒരു തരത്തിലും വേദനിപ്പിച്ചിട്ടില്ലെന്നും മഹേഷ് കൂട്ടിച്ചേർത്തു.














