
കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയിലുള്ള ശശി തരൂർ എംപിയെ ഇടതുമുന്നണിയിലെത്തിക്കാൻ സി.പി.എം ചർച്ചകൾ സജീവമാക്കുന്നതായി റിപ്പോർട്ടുകളോട് പ്രതികരിച്ച് എൽ ഡി എഫ് കൺവീനർ. ഇടത് മുന്നണി അടിത്തറ വിപുലീകരിക്കാൻ താല്പര്യമുള്ള ആർക്കും നിലപാട് വ്യക്തമാക്കിയാൽ സ്വാഗതമെന്നാണ് ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചു. തരൂർ എന്ന വ്യക്തിയേക്കാൾ അദ്ദേഹം സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടാണ് പ്രധാനം. നിലവിൽ കോൺഗ്രസിലുള്ള തരൂർ ആ പാർട്ടി വിട്ട് ഇടത് നിലപാടുകളോട് യോജിക്കാൻ തയ്യാറായാൽ ചർച്ചയാവാം. മതേതര നിലപാട് ഉയർത്തിപ്പിടിക്കുന്ന ആരെയും മുന്നണിയിലേക്ക് സ്വാഗതം ചെയ്യുമെന്നും നിലവിൽ ഔദ്യോഗിക ചർച്ചകളെക്കുറിച്ച് അറിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള പ്രമുഖ വ്യവസായിയുടെ മധ്യസ്ഥതയിൽ ദുബായിൽ വെച്ച് തരൂരുമായി ഇന്ന് നിർണ്ണായക കൂടിക്കാഴ്ച നടക്കുമെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പ് വിജയാഘോഷ വേളയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത വേദിയിൽ നേരിട്ട അവഗണനയിൽ തരൂർ അതീവ അസംതൃപ്തനാണ്. ഈ സാഹചര്യം മുൻനിർത്തി ജനുവരി 27-ന് തിരുവനന്തപുരത്ത് നടക്കുന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ നിന്ന് അദ്ദേഹം വിട്ടുനിന്നേക്കും.
തരൂർ പാളയം വിടാനുള്ള സാധ്യത മുന്നിൽക്കണ്ട് കോൺഗ്രസ് നേതൃത്വവും അനുനയ നീക്കങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തരൂരിനെപ്പോലെയുള്ള ഒരു നേതാവിനെ പിണക്കുന്നത് യുവാക്കൾക്കിടയിലും പ്രൊഫഷണലുകൾക്കിടയിലും തിരിച്ചടിയുണ്ടാക്കുമെന്ന് എ.ഐ.സി.സി വിലയിരുത്തുന്നു. രാഹുൽ ഗാന്ധി തന്നെ നേരിട്ട് തരൂരുമായി സംസാരിക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും തരൂർ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. തരൂർ ഇടതുപക്ഷത്തേക്ക് ചുവടുമാറുമോ എന്നത് വരും ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തിലെ പ്രധാന ചർച്ചാവിഷയമാകും.













