വാഷിങ്ടൺ: അമേരിക്കയിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയും കോടീശ്വരനുമായ ജെഫ്രി എപ്സ്റ്റീനെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. തന്റെ ശരീരം സംരക്ഷിക്കുന്നതിലുള്ള താത്പര്യത്തെക്കുറിച്ചും എപ്സ്റ്റീൻ നേരത്തേ തുറന്നുപറഞ്ഞിരുന്നതായാണ് വിവരം. മരണശേഷം തൻ്റെ തലയും ജനനേന്ദ്രിയം ശീതീകരിച്ച് സൂക്ഷിക്കാനും ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായും ഒരേസമയം നിരവധി സ്ത്രീകളെ ഗർഭിണികളാക്കി തന്റെ വംശവർധനവിന് പദ്ധതിയിട്ടിരുന്നതായും റിപ്പോർട്ട്. ‘സോറോ റാഞ്ച്’ എന്നറിയപ്പെടുന്ന ന്യൂമെക്സിക്കോയിലെ എപ്സ്റ്റീന്റെ സ്വകാര്യ തോട്ടത്തിൽ സ്ത്രീകളെ താമസിപ്പിച്ച് ഗർഭിണികളാക്കാനായിരുന്നു പദ്ധതിയെന്നും എന്നാൽ ഈ പദ്ധതികൾ നടപ്പിലാക്കിയതിന് തെളിവുകളില്ലെങ്കിലും 2001-06 കാലയളവിലുള്ള എപ്സ്റ്റീന്റെ പല സ്വകാര്യസംഭാഷണങ്ങളിലും ഇക്കാര്യം പങ്കുവെച്ചിരുന്നതായും റിപ്പോർട്ടിലുണ്ട്.
എപ്സ്റ്റീൻ, 2000-ന്റെ തുടക്കത്തിലാണ് തന്റെ പരിചയത്തിലുള്ള ശാസ്ത്രജ്ഞരോടും വ്യവസായികളോടുമാണ് തന്റെ വംശവർധനവായുള്ള പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തിയത്. 2001-നും 2006-നും ഇടയിൽ ചില ശാസ്ത്രജ്ഞരടക്കം പങ്കെടുത്ത അത്താഴവിരുന്നുകളിലും എപ്സ്റ്റീൻ തന്റെ ആഗ്രഹം പങ്കുവെച്ചു. 33,000 ചതുരശ്രയടി വിസ്‌തീർണമുള്ള ‘സോറോ റാഞ്ച്’ സ്ത്രീകളെ താമസിപ്പിച്ച് ഗർഭിണികളാക്കാനുള്ള ഒരു താവളമായി ഉപയോഗിക്കാനായിരുന്നു എപ്സ്റ്റിന്റെ ആഗ്രഹം. എപ്സ്റ്റീന്റെ ഈ ആഗ്രഹത്തെക്കുറിച്ച് നാസയിലെ ശാസ്ത്രജ്ഞയാണെന്ന് അവകാശപ്പെടുന്ന ഒരുസ്ത്രീയും വെളിപ്പെടുത്തിയിട്ടുണ്ട്.
എപ്സ്റ്റീൻ്റെ ഈ ആഗ്രഹത്തെ ‘ബേബി റാഞ്ച്’ എന്നാണ് പലരും വിശേഷിപ്പിച്ചിരുന്നത്. ഒരേസമയം ഇരുപതോളം സ്ത്രീകളെ പാർപ്പിച്ച് ബീജസങ്കലനത്തിലൂടെ അവരെ ഗർഭിണികളാക്കി തൻ്റെ കുട്ടികൾക്ക് ജന്മം നൽകാനാണ് എപ്സ്റ്റീൻ ആഗ്രഹിച്ചിരുന്നതെന്നും ഇവർ പറയുന്നു. കൂടാതെ, ദരിദ്രരാജ്യങ്ങളിൽ പട്ടിണി കുറയ്ക്കാനും ആരോഗ്യസൗകര്യങ്ങൾ മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളെയും എപ്സ്റ്റീൻ എതിർത്തിരുന്നതായാണ് റിപ്പോർട്ടുകൾ. ഇത്തരം പ്രവർത്തനങ്ങൾ ജനസംഖ്യാവർധനവിന് കാരണമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
എപ്സ്റ്റീൻ, സ്റ്റീഫൻ ഹോക്കിംഗ് ഉൾപ്പെടെയുള്ള ലോകപ്രശസ്ത ശാസ്ത്രജ്ഞരെ തന്റെ സ്വാധീനവലയത്തിലാക്കാൻ വലിയ തുകകൾ ധനസഹായമായി നൽകിയിരുന്നു. ഹാർവാർഡ് സർവകലാശാല പോലുള്ള പ്രമുഖ സ്ഥാപനങ്ങൾക്ക് കോടിക്കണക്കിന് ഡോളർ സംഭാവന നൽകിയതിലൂടെ ശാസ്ത്രലോകത്തെ ഉന്നതർക്കിടയിൽ അദ്ദേഹം ഇടംപിടിച്ചു. പല ശാസ്ത്രജ്ഞരും എപ്സ്റ്റീന്റെ ക്രിമിനൽ ചരിത്രത്തെക്കാൾ അദ്ദേഹം നൽകുന്ന പണത്തിന് മുൻഗണന നൽകിയിരുന്നതായും ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിലുണ്ട്. സാങ്കേതികവിദ്യയിലൂടെയും ജനിതക എഞ്ചിനീയറിംഗിലൂടെയും മനുഷ്യൻ്റെ കഴിവുകൾ വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന ട്രാൻസ്ഹ്യൂമനിസം എന്ന ആശയത്തിലായിരുന്നു എപ്സ്റ്റീന്റെ താത്പര്യം. അദ്ദേഹത്തിന്റെ ഈ ചിന്താഗതികൾ പണ്ട് നാസികൾ ഉപയോഗിച്ചിരുന്ന വംശശുദ്ധി സിദ്ധാന്തമായ യൂജെനിക്സിന് സമാനമാണെന്നാണ് വിമർശനം.
Shocking information revealed; Epstein wanted to impregnate many women and keep his head and genitals after death













