
വാഷിംഗ്ടൺ: ജോർജിയയിലെ ഗ്വിനെറ്റ് കൗണ്ടിയിലുള്ള ഒരു ഹോട്ടലിൽ ഞായറാഴ്ചയുണ്ടായ വെടിവെപ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും മറ്റൊരു ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. 25 വയസ്സുകാരനായ പ്രദീപ് തമാംഗ് ആണ് കൊല്ലപ്പെട്ടത്. നേപ്പാളിൽ നിന്ന് കുടിയേറിയ അദ്ദേഹം ഒരു വർഷം മുമ്പാണ് പൊലീസ് സേനയിൽ ചേർന്നത്. കോർപ്പറൽ ഡേവിഡ് റീഡ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
സ്റ്റോൺ മൗണ്ടൻ മേഖലയിലെ ഹോളിഡേ ഇൻ എക്സ്പ്രസ് ഹോട്ടലിൽ ഒരു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാനെത്തിയതായിരുന്നു ഉദ്യോഗസ്ഥർ. പ്രതി അവരെ മുറിക്കുള്ളിലേക്ക് ക്ഷണിക്കുകയും തുടർന്ന് സംസാരിക്കുന്നതിനിടെ പെട്ടെന്ന് വെടിയുതിർക്കുകയുമായിരുന്നു. 35 വയസ്സുകാരനായ കെവിൻ ആൻഡ്രൂസ് ആണ് വെടിവെപ്പ് നടത്തിയത്. തിരിച്ചുള്ള വെടിവെപ്പിൽ ഇയാൾക്കും പരിക്കേറ്റു, നിലവിൽ ഇയാൾ പൊലീസ് കസ്റ്റഡിയിൽ ചികിത്സയിലാണ്.
ഈ ദാരുണ സംഭവത്തിൽ ജോർജിയ ഗവർണർ ബ്രയാൻ കെമ്പ് അനുശോചനം രേഖപ്പെടുത്തി. “നിയമപാലകർ ദിനംപ്രതി നേരിടുന്ന അപകടങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ ഓർമ്മപ്പെടുത്തലാണിത്, സഹ ജോർജിയക്കാരെ സംരക്ഷിക്കാൻ സ്വയം അപകടത്തിലാക്കുന്ന ഓരോരുത്തരോടും ഞങ്ങൾ നന്ദിയുള്ളവരാണ്,” കെമ്പ് സോഷ്യൽ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു.
Shooting at hotel in Gwinnett County, Georgia; Police officer killed, another injured















