കഴിഞ്ഞ വർഷം മേയിൽ വാഷിംഗ്ടൺ ഡി.സി. നഗരമധ്യത്തിലുള്ള ക്യാപിറ്റൽ ജൂയിഷ് മ്യൂസിയത്തിന് പുറത്ത് ഒരു യുവദമ്പതികളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ഷിക്കാഗോ സ്വദേശിയായ 31-കാരനായ ഏലിയാസ് റോഡ്രിഗസിനെതിരെ പുതിയ കുറ്റങ്ങൾ ചുമത്തി. ബുധനാഴ്ച യു.എസ്. ജില്ലാ കോടതിയിൽ പുറത്തുവിട്ട 13 കുറ്റങ്ങളടങ്ങിയ പുതിയ കുറ്റപത്രത്തിൽ, ആയുധധാരിയായുള്ള ഭീകരവാദ കുറ്റങ്ങളും ഭീകരാക്രമണം നടത്താൻ ഗൗരവമായ പദ്ധതിയും മുൻകൂട്ടി ആസൂത്രണവും നടത്തിയതായും ആരോപണമുണ്ട്. ഡി.സി.യിലെ യു.എസ്. അറ്റോർണി ജീനീൻ പിറോയുടെ ഓഫീസാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.
മേയ് 21ന് ഏലിയാസ് റോഡ്രിഗസ് നടത്തിയ വെടിവെപ്പിൽ ഇസ്രയേൽ എംബസിയിലെ ജീവനക്കാരായ യാരോൺ ലിഷിൻസ്കിയും (30) സാറ മിൽഗ്രിമും ( 26 )ആണ് കൊല്ലപ്പെട്ടത്. ഈ കേസിൽ നേരത്തെ റോഡ്രിഗസിനെതിരെ വിദ്വേഷ കുറ്റകൃത്യവും കൊലപാതകവും ചുമത്തിയിരുന്നു. സെപ്റ്റംബറിൽ നടന്ന ഹാജരാക്കലിൽ, നേരത്തെ ചുമത്തിയ എല്ലാ കുറ്റങ്ങളും റോഡ്രിഗസ് നിഷേധിച്ചിരുന്നു. അതേസമയം, പുതിയതായി ചുമത്തിയ ചില കുറ്റങ്ങൾക്ക് മരണശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്നതാണെന്ന് പിറോയുടെ ഓഫീസ് അറിയിച്ചു.
യാരോൺ ലിഷിൻസ്കിയുടെയും സാറ മിൽഗ്രിമിന്റെയും ജൂത സമൂഹത്തിന്റെയും നേരെ നടന്ന ഈ ഭീകരവും ലക്ഷ്യമിട്ടതുമായ ആക്രമണത്തിന് ഏലിയാസ് റോഡ്രിഗസിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ എന്റെ ഓഫീസ് പിന്നോട്ടില്ലെന്നും ഈ അധിക ഭീകരവാദ കുറ്റങ്ങൾ നിർബന്ധിത ജീവപര്യന്തം ശിക്ഷയ്ക്ക് വഴിയൊരുക്കുന്നതാണന്നും പിറോ പ്രസ്താവനയിൽ പറഞ്ഞു.
ലിഷിൻസ്കി ഒരു ഇസ്രയേൽ പൗരനായിരുന്നു. വെടിവെപ്പ് നടന്ന സമയത്ത് ഔദ്യോഗിക ജോലിയുടെ ഭാഗമായി യുഎസിലുണ്ടായിരുന്ന അദ്ദേഹം ഇസ്രയേൽ സർക്കാരിന്റെ ജീവനക്കാരനായിരുന്നു. കാൻസസിലെ ഓവർലാൻഡ് പാർക്കിൽ നിന്നുള്ള സാറ മിൽഗ്രിമും ഇസ്രയേൽ എംബസിയിലെ ജീവനക്കാരിയായിരുന്നു. ഇരുവരുടെയും വിവാഹനിശ്ചയം നടത്താനിരിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് കൂടി പരിക്കേറ്റിരുന്നു.
പ്രോസിക്യൂട്ടർമാരുടെ വാദപ്രകാരം, മ്യൂസിയത്തിലെ ഒരു പരിപാടിക്ക് ശേഷം പുറത്തേക്ക് വന്ന ഇവരെ റോഡ്രിഗസ് തോക്കുപയോഗിച്ച് ഏകദേശം 20 തവണ വെടിയുതിർത്തു. വെടിവെപ്പിനിടെ “ഫ്രീ പാലസ്തീൻ” എന്ന് വിളിച്ചുപറഞ്ഞതായും ആരോപണമുണ്ട്. വെടിവെപ്പിന് ശേഷം “പാലസ്തീനുവേണ്ടിയാണ് ഞാൻ ഇത് ചെയ്തത്. ഗാസയ്ക്കുവേണ്ടിയാണ്” എന്നാണ് റോഡ്രിഗസ് പറഞ്ഞതെന്നും കുറ്റപത്രത്തിൽ പറയുന്നു.
Shooting outside Capitol Jewish Museum in Washington; Suspect charged with terrorism















