
റിപ്പോർട്ടർ ടിവിയുടെ പ്രവർത്തനം നിയമവിരുദ്ധമാണെന്നും ചാനൽ ഉടൻ അടച്ചുപൂട്ടി ജനങ്ങളോട് മാപ്പ് പറയണമെന്നും ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. ആവശ്യമായ സുരക്ഷാ ക്ലിയറൻസോ ബ്രോഡ്കാസ്റ്റിംഗ് ലൈസൻസോ ഇല്ലാതെയാണ് കഴിഞ്ഞ രണ്ട് വർഷമായി ചാനൽ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഒരു പാസ്‌പോർട്ട് ലഭിക്കാൻ പോലും പോലീസ് ക്ലിയറൻസ് നിർബന്ധമായ രാജ്യത്ത്, യാതൊരുവിധ സുരക്ഷാ പരിശോധനകളുമില്ലാതെ ഒരു സാറ്റലൈറ്റ് ചാനൽ എങ്ങനെയാണ് ഇത്രയും കാലം സംപ്രേഷണം നടത്തിയതെന്നത് ഗൗരവകരമായ ചോദ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മരംമുറിക്കേസിൽ ജയിൽവാസം അനുഭവിച്ച വ്യക്തി പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ മോചിതനായതും തൊട്ടുപിന്നാലെ ചാനൽ ഉടമയായി മാറിയതും ദുരൂഹമാണ്. നികേഷ് കുമാർ, റാണി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഇൻഡോ ഏഷ്യൻ ന്യൂസ് ചാനലിന്റെ സുരക്ഷാ ക്ലിയറൻസ് കേന്ദ്ര സർക്കാർ നേരത്തെ റദ്ദാക്കിയതാണ്. നിയമപരമായി പ്രവർത്തിക്കാൻ അനുവാദമില്ലാത്ത ഈ സ്ഥാപനം കോടികൾ മുടക്കി അത്യാധുനിക സൗകര്യങ്ങളോടെ ചാനൽ കെട്ടിപ്പൊക്കിയത് എങ്ങനെയെന്ന് സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അടിയന്തരമായി അന്വേഷിക്കണമെന്നും സാബു എം ജേക്കബ് ആവശ്യപ്പെട്ടു.
സർക്കാരിന്റെ അഴിമതികളെ കൈരളി ചാനലിനേക്കാൾ തീവ്രമായി ന്യായീകരിക്കുന്ന നിലപാടാണ് റിപ്പോർട്ടർ ടിവി സ്വീകരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ലയണൽ മെസ്സി വരുമെന്ന് പ്രഖ്യാപിച്ച് കൊച്ചി കലൂർ സ്റ്റേഡിയം നവീകരിക്കാൻ കോടികൾ മുടക്കുമെന്ന് പറയുന്നതിന്റെ സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്തണം. കൃത്യമായ രേഖകളില്ലാത്ത ഈ തട്ടിക്കൂട്ട് പ്രസ്ഥാനത്തിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും സാബു എം ജേക്കബ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
Shut Down Reporter TV Immediately; Sabu M Jacob Demands CBI Probe into Licensing and Security Clearance Issues













