കാലിഫോർണിയ: അമേരിക്കയിലെ സാൻ ജോസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റ ക്യാമ്പസിൽ സിഖ് വിദ്യാർത്ഥിയെ ‘ഹിന്ദു’യെന്ന് തെറ്റിധരിച്ചു മർദ്ദിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. സംഭവം വിദ്വേഷ കുറ്റകൃത്യമാകാമെന്ന സംശയത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ഫെബ്രുവരി 7നായിരുന്നു സംഭവം. ഒരു സംഘം വിദ്യാർത്ഥിയെ നിലത്തേക്ക് തള്ളിയിട്ടു മർദ്ദിക്കുകയും തലയിൽ ധരിച്ചിരുന്ന ടർബൻ അഴിച്ചുമാറ്റുകയും ചെയ്തതായി സർവകലാശാല അധികൃതർ അറിയിച്ചു. ആക്രമണത്തിനിടെ ‘ഹിന്ദു’ എന്ന പദം അധിക്ഷേപമായി ഉപയോഗിച്ചതായും റിപ്പോർട്ടുണ്ട്. മതപരമായ തെറ്റിദ്ധാരണയും വൈരാഗ്യവുമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ആക്രമണത്തിൽ പങ്കെടുത്തവർ സർവകലാശാല വിദ്യാർത്ഥികൾ അല്ലെന്നാണ് സൂചന. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സാക്ഷിമൊഴികൾ ശേഖരിക്കുകയും ചെയ്യുന്നുവെന്ന് പോലീസ് അറിയിച്ചു.അമേരിക്കൻ ഹിന്ദു സംഘടനയായ Coalition of Hindus of North Americaയുടെ യുവജന വിഭാഗമായ CoHNA Youth Action Network (CYAN) സംഭവം ശക്തമായി അപലപിച്ചു. ഇര സിഖ് ആണെങ്കിലും ‘ഹിന്ദു’ എന്ന പദം അധിക്ഷേപമായി ഉപയോഗിച്ചതിൽ ഹിന്ദു വിരുദ്ധ സമീപനം വ്യക്തമാണെന്ന് സംഘടന പ്രസ്താവനയിൽ പറഞ്ഞു.
സിഖ് സമൂഹത്തോടൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിച്ച CYAN, സംഭവത്തിലെ മതവിദ്വേഷം കൃത്യമായി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.സർവകലാശാല പ്രസിഡന്റ് സിന്തിയ ടെനിയന്റേ-മാറ്റ്സൺ ആക്രമണത്തെ അപലപിച്ചു. വിദ്വേഷ കുറ്റകൃത്യങ്ങൾ മുഴുവൻ സമൂഹത്തെയും ബാധിക്കുന്നതാണെന്നും, ഹിംസയെയും വിവേചനത്തെയും ഒരിക്കലും സഹിക്കില്ലെന്നും അവർ വ്യക്തമാക്കി. ആദ്യഘട്ടത്തിൽ പുറത്തിറക്കിയ അറിയിപ്പിൽ വിദ്യാർത്ഥിയുടെ മതപരമായ തിരിച്ചറിയലിൽ പിഴവ് സംഭവിച്ചതായും പിന്നീട് തിരുത്തൽ നൽകിയതായും അധികൃതർ അറിയിച്ചു.
2024ൽ കാലിഫോർണിയയിൽ റിപ്പോർട്ട് ചെയ്ത മതവിദ്വേഷ കേസുകളിൽ ഗണ്യമായൊരു വിഹിതം ഹിന്ദുക്കളെ ലക്ഷ്യമിട്ടതാണെന്ന് California Civil Rights Departmentയുടെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നതായി CYAN വ്യക്തമാക്കി. ക്യാമ്പസ് സുരക്ഷ ശക്തമാക്കണം, മത ന്യൂനപക്ഷ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണം എന്നീ ആവശ്യങ്ങളും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് സർവകലാശാല അറിയിച്ചു. മത ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സുതാര്യ നടപടികൾ വേണമെന്ന് വിദ്യാർത്ഥി സംഘടനകളും സമൂഹ പ്രവർത്തകരും ആവശ്യപ്പെട്ടു.
Sikh student attacked at San Jose State University in the US for being mistaken for ‘Hindu’, Hindu organizations condemn the attack












