സിൽവർ ലൈൻ: ശ്രീധരന്റെ പദ്ധതി പരിഗണനയിലെന്ന് റെയിൽവേ മന്ത്രി; രാജ്യസഭയിൽ അശ്വനി വൈഷ്ണവ്-ബ്രിട്ടാസ് വാക്പോര്

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ജോൺ ബ്രിട്ടാസ് എംപിയും തമ്മിൽ കടുത്ത വാക്പോര്. മെട്രോമാൻ ഇ. ശ്രീധരൻ സമർപ്പിച്ച ബദൽ അതിവേഗ റെയിൽ പ്രൊപ്പോസൽ തന്റെ പക്കലുണ്ടെന്നും അത് വിശദമായി പരിശോധിച്ചു വരികയാണെന്നും കേന്ദ്രമന്ത്രി സഭയെ അറിയിച്ചു. സംസ്ഥാന സർക്കാർ സമർപ്പിച്ച സിൽവർ ലൈൻ പദ്ധതിയും ശ്രീധരന്റെ പുതിയ പ്രൊപ്പോസലും താരതമ്യം ചെയ്ത് ഏറ്റവും മികച്ചത് കണ്ടെത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ പദ്ധതികൾ നടപ്പാക്കാൻ സ്ഥലമേറ്റെടുപ്പ് വലിയ തടസ്സമാണെന്നും ശബരി റെയിൽ പോലുള്ള പ്രധാന പദ്ധതികൾ പോലും കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാൻ സംസ്ഥാന സർക്കാരിന് സാധിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. കമ്മ്യൂണിസ്റ്റ്-കോൺഗ്രസ് സഖ്യം വികസന പദ്ധതികൾക്ക് തടസ്സം നിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഡിപിആർ ആര് തയ്യാറാക്കുമെന്ന തന്റെ കൃത്യമായ ചോദ്യത്തിന് മറുപടി നൽകാതെ മന്ത്രി രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് ജോൺ ബ്രിട്ടാസ് തിരിച്ചടിച്ചു.

റെയിൽവേ മന്ത്രി വെറും ‘മാർക്കറ്റിംഗ് മാസ്റ്റർ’ ആണെന്നും വാർത്താ വിതരണ മന്ത്രാലയത്തിന്റെ ചുമതല കൂടി നൽകിയതിൽ അത്ഭുതമില്ലെന്നും ബ്രിട്ടാസ് പരിഹസിച്ചു. ഇത് അധിക്ഷേപകരമായ പരാമർശമാണെന്ന് മന്ത്രിയും ഭരണപക്ഷവും ചൂണ്ടിക്കാട്ടിയതോടെ സഭയിൽ ബഹളം രൂക്ഷമായി. ഇ. ശ്രീധരൻ മുന്നോട്ടുവെച്ച 465 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയിൽ ടിക്കറ്റ് നിരക്ക് വന്ദേ ഭാരതിനേക്കാൾ കുറവായിരിക്കുമെന്നും അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്നുമാണ് അവകാശപ്പെടുന്നത്.

Silver Line row: Ashwini Vaishnaw says E Sreedharan’s proposal is under review; heated debate with John Brittas

More Stories from this section

family-dental
witywide