സിസ്റ്റർ ലൂസി കളപ്പുര ഇനി അഭിഭാഷക; ബാർ കൗൺസിലിൽ എൻറോൾ ചെയ്തു, ‘നീതികേടുകൾക്കെതിരെ പോരാടണം, എല്ലാവർക്കും തുല്യനീതി ഉറപ്പാക്കണം’

സിസ്റ്റർ ലൂസി കളപ്പുര അഭിഭാഷകയായി ബാർ കൗൺസിലിൽ എൻറോൾ ചെയ്തു. തന്റെ സഹോദരിമാർ നേരിട്ട നീതികേടുകൾക്കെതിരെ പോരാടാനും എല്ലാവർക്കും തുല്യനീതി ഉറപ്പാക്കണമെന്ന ബോധ്യവുമാണ് നിയമപഠനത്തിലേക്ക് തന്നെ നയിച്ചതെന്ന് സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു. കൊച്ചിയിൽ നടന്ന ചടങ്ങിൽ കേരള ബാർ കൗൺസിലിൽ അഭിഭാഷകയായി എൻറോൾ ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. നീതി നിഷേധിക്കപ്പെടുന്നവർക്കായി ശബ്ദമുയർത്തുകയാണ് തന്റെ ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസിൽ അതിജീവിത നിയമപോരാട്ടം തുടരുന്നതിനെ സിസ്റ്റർ പ്രശംസിച്ചു. താനും അതിജീവിതയും ഒരേ ദിവസം തന്നെ മുന്നോട്ട് വന്നത് അതിശയകരമായ കാര്യമാണെന്ന് അവർ പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ കൃത്യമായ തെളിവുകൾ കോടതിയിൽ ഹാജരാക്കുന്നതിൽ വന്ന വീഴ്ചയാണ് നീതി വൈകാൻ കാരണമെന്ന് കരുതുന്നതായും ലൂസി കളപ്പുര അഭിപ്രായപ്പെട്ടു.

കേസിൽ ഏതാനും പേർ ശിക്ഷിക്കപ്പെട്ടതിൽ സന്തോഷമുണ്ടെങ്കിലും ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവരും ഇപ്പോഴും നിയമത്തിന് മുന്നിൽ വന്നിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. അതിജീവിതയ്ക്ക് നീതി ലഭിക്കാത്തത് സ്ത്രീസമൂഹത്തിന് മൊത്തത്തിലുള്ള നീതിനിഷേധമാണ്. സ്ത്രീകൾ അനുഭവിക്കുന്ന ഇത്തരം പ്രശ്നങ്ങളിൽ നിയമപരമായി ഇടപെടാനാണ് താൻ ആഗ്രഹിക്കുന്നതെന്നും സിസ്റ്റർ ലൂസി കളപ്പുര കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide