
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് പത്മകുമാറിനെതിരെ അതീവ ഗുരുതരമായ കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി). ശബരിമലയിലെ കട്ടിളപ്പാളികൾ കൈമാറുന്നതിനായി പത്മകുമാർ ദേവസ്വം മിനുട്സിൽ സ്വന്തം കൈപ്പടയിൽ തിരുത്തലുകൾ വരുത്തിയതായി എസ്.ഐ.ടി കണ്ടെത്തി. ‘പിത്തളപ്പാളി’ എന്നത് മാറ്റി ‘ചെമ്പ് പാളി’ എന്നാക്കി മാറ്റുകയും പാളികൾ വിട്ടുനൽകാൻ അനുമതി നൽകുന്നു എന്ന് മിനുട്സിൽ രേഖപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയത്.
അറ്റകുറ്റപ്പണിക്കായി തന്ത്രി അനുമതി നൽകിയെന്ന പത്മകുമാറിന്റെ വാദം തെറ്റാണെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. കട്ടിളപ്പാളികൾ മാറ്റാനോ അറ്റകുറ്റപ്പണി നടത്താനോ തന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നും അത്തരത്തിലുള്ള യാതൊരു രേഖകളും ലഭ്യമല്ലെന്നും എസ്.ഐ.ടി വ്യക്തമാക്കി. പത്മകുമാർ അവകാശപ്പെടുന്നത് പോലെ മഹസറിൽ തന്ത്രി ഒപ്പിട്ടെന്ന വാദത്തിനും തെളിവുകളില്ല. തന്ത്രിയുടെ അനുജ്ഞ വാങ്ങുകയോ അഭിപ്രായം തേടുകയോ ചെയ്യാതെയാണ് പാളികൾ വിട്ടുനൽകിയതെന്നും റിപ്പോർട്ടിലുണ്ട്.
പത്മകുമാർ മനപൂർവ്വം രേഖകളിൽ കൃത്രിമം കാണിച്ചത് സ്വർണ്ണക്കൊള്ളയ്ക്ക് ഒത്താശ ചെയ്യാനാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അതീവ സുരക്ഷാ പ്രാധാന്യമുള്ള ശബരിമലയിലെ നിർണ്ണായക രേഖകളിൽ വരുത്തിയ ഈ തിരുത്തലുകൾ കേസിൽ പത്മകുമാറിനെ കൂടുതൽ പ്രതിസന്ധിയിലാക്കും. വരും ദിവസങ്ങളിൽ പത്മകുമാറിനെതിരെ കൂടുതൽ കർശനമായ നിയമനടപടികളിലേക്ക് നീങ്ങാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.












