
ശബരിമലയിൽ നടന്നത് അതീവ ഗൗരവകരമായ ആസൂത്രണത്തോടെയുള്ള വൻ കവർച്ചയാണെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. പ്രതികളായ പങ്കജ് പണ്ടാരി, സ്വർണ വ്യാപാരി ഗോവർദ്ധൻ, സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റി എന്നിവർ ചേർന്ന് വലിയ രീതിയിലുള്ള കവർച്ചയ്ക്കാണ് പദ്ധതിയിട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗോവർദ്ധന്റെ ജാമ്യഹർജിയെ എതിർത്തുകൊണ്ടാണ് അന്വേഷണ സംഘം കോടതിയിൽ നിർണ്ണായക വിവരങ്ങൾ വെളിപ്പെടുത്തിയത്. 2025 ഒക്ടോബറിൽ ബെംഗളൂരുവിൽ വെച്ചാണ് ഇതിനായുള്ള ഗൂഢാലോചന നടന്നതെന്നും എസ്ഐടി വ്യക്തമാക്കി.
കൊള്ള പുറത്തായതോടെ കുറ്റകൃത്യം മറച്ചുവെക്കാൻ പ്രതികൾ ശ്രമിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ബെംഗളൂരുവിലേക്ക് മാറ്റുകയും ദുരൂഹമായ അക്കൗണ്ടുകളിലൂടെ പണമിടപാടുകൾ നടത്തുകയും ചെയ്തു. ശബരിമലയിലെ വഴിപാടുകളുമായി ബന്ധപ്പെട്ട് പ്രതികളുടെ അക്കൗണ്ടുകളിലേക്ക് എത്തിയ വൻ തുകയെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. സ്വർണ്ണക്കൊള്ളയുടെ കൃത്യമായ വ്യാപ്തി അറിയാൻ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ അനിവാര്യമാണെന്നും അതുവരെ പ്രതികൾക്ക് ജാമ്യം നൽകരുതെന്നും അന്വേഷണ സംഘം കോടതിയിൽ വാദിച്ചു.
അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ച ഹൈക്കോടതി ആറാഴ്ചത്തെ സമയം അനുവദിച്ചു. കേസ് ഈ മാസം 19-ന് വീണ്ടും പരിഗണിക്കുമ്പോൾ അടുത്ത ഇടക്കാല റിപ്പോർട്ട് സമർപ്പിക്കണം. അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്താനിരുന്ന ഉദ്യോഗസ്ഥർക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്ന ആരോപണം ഉയർന്നതിനെത്തുടർന്ന് അവർക്ക് പകരം പുതിയ രണ്ട് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്താൻ കോടതി അനുമതി നൽകി. ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിച്ചത്.











