
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണത്തിനായി കണ്ണൂർ എസിപിയുടെ നേതൃത്വത്തിൽ 13 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു. കോളേജിലെ അധ്യാപകരിൽ നിന്ന് നിതിൻ കടുത്ത ജാതി അധിക്ഷേപവും മാനസിക പീഡനവും നേരിട്ടിരുന്നെന്ന കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്റ്റാഫ് റൂമിൽ വെച്ച് പോലും നിതിൻ ആക്രമിക്കപ്പെട്ടെന്നും അധ്യാപകർ ഭീഷണിപ്പെടുത്തിയെന്നും വ്യക്തമാക്കുന്ന ശബ്ദരേഖകൾ പുറത്തുവന്നത് കേസിൽ നിർണ്ണായകമായിട്ടുണ്ട്.
കണ്ണൂർ ഡെന്റൽ കോളേജിലെ വകുപ്പ് മേധാവി ഡോ. എം.കെ. റാം ക്ലാസ്സിനകത്തും പുറത്തും തന്നെ നിരന്തരം വേട്ടയാടിയിരുന്നതായി നിതിൻ സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. മാർക്ക് കുറച്ചും കുടുംബത്തെ അധിക്ഷേപിച്ചും മാനസികമായി തളർത്തുന്ന രീതിയായിരുന്നു അധ്യാപകർ സ്വീകരിച്ചിരുന്നത്. സമാനമായ അനുഭവം നേരിട്ട മറ്റ് വിദ്യാർത്ഥികളും കോളേജിലുണ്ടെന്നാണ് സൂചന. ആരോപണവിധേയരായ ഡോ. എം.കെ. റാം, ഡോ. സംഗീത എന്നിവരെ വിളിച്ചുവരുത്തി മൊഴിയെടുക്കാനും ആത്മഹത്യാപ്രേരണ കുറ്റം ചുമത്താൻ സാധിക്കുമോ എന്ന് പരിശോധിക്കാനും പൊലീസ് തീരുമാനിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സി പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർ നിതിന്റെ വീട് സന്ദർശിച്ച് കുടുംബത്തെ ആശ്വസിപ്പിച്ചു. പൂക്കോട് വെറ്ററിനറി കോളേജിൽ മരിച്ച സിദ്ധാർത്ഥിന്റെ അമ്മയും നിതിന്റെ വീട്ടിലെത്തിയിരുന്നു. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടപ്പോൾ, ജാതി അധിക്ഷേപം അടക്കമുള്ള വിഷയങ്ങളിൽ സത്യം പുറത്തുകൊണ്ടുവരണമെന്നും കുറ്റവാളികൾ രക്ഷപ്പെടാൻ പാടില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് നേതാക്കളുടെ ആവശ്യം.
SIT to Probe Nithin Raj’s Death in Kannur; Faculty Under Fire Over Allegations of Caste Discrimination and Harassment














