
നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനിക്കെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി വിചാരണക്കോടതി. കേസിന്റെ വിചാരണാ വേളയിൽ പത്ത് ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക ഹാജരായതെന്നും കോടതിയിൽ എത്തിയാൽ തന്നെ ഉറങ്ങുന്നതാണ് ഇവരുടെ പതിവെന്നും ജഡ്ജി ഹണി എം. വർഗീസ് കുറ്റപ്പെടുത്തി. നടൻ ദിലീപ് നൽകിയ കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ അസാധാരണ പരാമർശങ്ങൾ.
അഭിഭാഷക കോടതിയെ ഒരു വിശ്രമ കേന്ദ്രമായാണ് കാണുന്നതെന്നും അരമണിക്കൂർ മാത്രം കോടതിയിൽ ഇരുന്ന ശേഷം പുറത്തുപോയി കോടതി നടപടികളെ വിമർശിക്കുകയാണെന്നും ജഡ്ജി പറഞ്ഞു. ടി.ബി. മിനിക്ക് പകരം ജൂനിയർ അഭിഭാഷക ഹാജരായപ്പോഴാണ് കോടതി അതൃപ്തി രേഖപ്പെടുത്തിയത്. വിചാരണാ സമയത്ത് ഹാജരാകാതിരുന്നിട്ട് പിന്നീട് കോടതി കാര്യങ്ങൾ കേട്ടില്ലെന്ന് പറയുന്നത് ശരിയല്ലെന്നും ജഡ്ജി ഓർമ്മിപ്പിച്ചു.
എന്നാൽ കോടതിയുടെ ആരോപണങ്ങൾ പൂർണ്ണമായും തള്ളി ടി.ബി. മിനി രംഗത്തെത്തി. താൻ വിചാരണയുടെ ഭൂരിഭാഗം ദിവസങ്ങളിലും കോടതിയിൽ ഉണ്ടായിരുന്നുവെന്നും കോടതി പറയുന്നത് വാസ്തവവിരുദ്ധമാണെന്നും അവർ പറഞ്ഞു. തന്നെ എന്തിനാണ് വ്യക്തിപരമായി ആക്രമിക്കുന്നതെന്ന് അറിയില്ലെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിൽ ദിലീപ് നൽകിയ കോടതിയലക്ഷ്യ ഹർജികൾ ജനുവരി 22-ന് വീണ്ടും പരിഗണിക്കാൻ കോടതി മാറ്റി.














