സോഷ്യൽ മീഡിയയും മാനസികാരോഗ്യവും: ഇൻസ്റ്റയും യൂട്യൂബും ഹാനികരമോ? 20 വയസുകാരിയുടെ കേസ് ഇന്ന് അമേരിക്കൻ കോടതിയിൽ

വാഷിംഗ്ടൺ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ യുവാക്കളുടെയും കുട്ടികളുടെയും മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ടോ എന്ന നിർണായക ചോദ്യത്തിന് ഉത്തരമാകുന്ന കേസ് ഇന്ന് അമേരിക്കൻ കോടതിയിൽ ആരംഭിക്കും. ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ ആപ്പുകൾ തനിക്ക് ഗുരുതരമായ മാനസിക പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്നാരോപിച്ച് 20 വയസുള്ള യുവതിയാണ് കാലിഫോർണിയ സ്റ്റേറ്റ് കോടതിയിൽ കേസ് നൽകിയത്.

ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് എന്നിവയുടെ മാതൃകമ്പനിയായ മെറ്റ പ്ലാറ്റ്‌ഫോമിനും യൂട്യൂബിന്റെ ഉടമസ്ഥരായ ഗൂഗിളിനെതിരെയുമാണ് കേസ്. ആപ്പുകളുടെ ലഹരിപിടിപ്പിക്കുന്ന ഡിസൈൻ ചെറുപ്പത്തിൽ തന്നെ തനിക്ക് അടിമത്തം സൃഷ്ടിച്ചതായും ഇതാണ് വിഷാദത്തിനും ആത്മഹത്യ ചിന്തകൾക്കും കാരണമായതെന്നും യുവതി കോടതിയിൽ ആരോപിക്കുന്നു. ആപ്പുകളുടെ രൂപകൽപ്പനയിൽ കമ്പനികൾ അനാസ്ഥ കാണിച്ചുവെന്നും, ഇത്തരം ആപ്പുകളുടെ അപകടസാധ്യതകളെക്കുറിച്ച് പൊതുജനങ്ങളെ മുന്നറിയിപ്പ് നൽകുന്നതിൽ പരാജയപ്പെട്ടുവെന്നും, തന്റെ മാനസിക പരിക്കുകൾക്ക് ഈ പ്ലാറ്റ്‌ഫോമുകൾ നേരിട്ട് കാരണമായെന്നും യുവതിയുടെ അഭിഭാഷകർ വാദിക്കും.

കേസിൽ യുവതിക്ക് അനുകൂലമായ വിധി വന്നാൽ, മാനസിക വേദനക്കും ദുരിതങ്ങൾക്കും നഷ്ടപരിഹാരം നൽകണമോ എന്നത് ജൂറി തീരുമാനിക്കും. കമ്പനികൾക്ക് ശിക്ഷാതുല്യമായ പിഴ ചുമത്താനും സാധ്യതയുണ്ട്. അതേസമയം, യുവതിയുടെ ജീവിതത്തിലെ മറ്റ് ഘടകങ്ങളാണ് മാനസിക പ്രശ്നങ്ങൾക്ക് കാരണമെന്ന നിലപാടിലാണ് കമ്പനികൾ. യുവാക്കളുടെ സുരക്ഷയ്ക്കായി സ്വീകരിച്ച നടപടികളും, ഉപയോക്താക്കൾ അപ്‌ലോഡ് ചെയ്യുന്ന ഹാനികരമായ ഉള്ളടക്കങ്ങളിൽ നിന്ന് തങ്ങളെ അകറ്റിനിർത്താനുള്ള ശ്രമങ്ങളും അവർ കോടതിയിൽ ചൂണ്ടിക്കാണിക്കും.

മെറ്റ സി.ഇ.ഒ മാർക്ക് സുക്കർബർഗ് കേസിൽ സാക്ഷിയായി ഹാജരാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. കേസ് കോടതിയിൽ മാർച്ച് വരെ വിചാരണ നീണ്ടുനിൽക്കുമെന്നാണ് സൂചന. ടിക്‌ടോകും സ്നാപും വിചാരണയ്ക്ക് മുമ്പ് യുവതിയുമായി ഒത്തുതീർപ്പിലെത്തിയിട്ടുണ്ട്. കുട്ടികൾക്ക് ഹാനി വരുത്തിയതിന് ബിഗ് ടെക് കമ്പനികളെ നിയമപരമായി ഉത്തരവാദികളാക്കാനാകുമോ എന്നത് പരിശോധിക്കുന്ന പരീക്ഷണക്കേസായാണ് ഇതിനെ വിലയിരുത്തുന്നത്.

ഈ കേസിലെ വിധി, സമാനമായ മറ്റ് കേസുകൾക്ക് സംസ്ഥാന കോടതികളിൽ വഴിയൊരുക്കുകയും, ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന്റെ പേരിൽ ബിഗ് ടെക് കമ്പനികൾക്ക് ലഭിച്ചിരുന്ന നിയമസംരക്ഷണത്തിന് വെല്ലുവിളിയാകുകയും ചെയ്യുമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ. കാലിഫോർണിയയിൽ മാത്രം ഗൂഗിൾ, മെറ്റ, ടിക്‌ടോക്, സ്നാപ് എന്നിവർക്കെതിരെ ആയിരക്കണക്കിന് കേസുകളുണ്ട്. ഫെഡറൽ കോടതികളിൽ മാതാപിതാക്കളും സ്കൂൾ ജില്ലകളും സംസ്ഥാന അറ്റോർണി ജനറലുമാർ ഉൾപ്പെടെയുള്ളവർ നൽകിയ സമാനമായ 2,300ഓളം കേസുകളും നിലവിലുണ്ട്.

Social media and mental health: Are Instagram and YouTube harmful? 20-year-old’s case in US court today

Also Read

More Stories from this section

family-dental
witywide