
വാഷിംഗ്ടൺ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കൗമാരക്കാരെയും യുവാക്കളെയും അടിമപ്പെടുത്താൻ വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്നും, പണ്ട് സിഗരറ്റ് കമ്പനികൾ യുവാക്കളെ ലക്ഷ്യം വച്ചിരുന്നത് പോലെയാണിതെന്നും മുൻ യുഎസ് സർജൻ ജനറൽ ജെറോം ആഡംസ്. അതിനാൽ ഇതിൽ ശക്തമായ നിയന്ത്രണങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“നിലവിലെ സർജൻ ജനറൽ വിവേക് മൂർത്തിയുടെ റിപ്പോർട്ട് അനുസരിച്ച്, സോഷ്യൽ മീഡിയ ഉപയോഗവും (പ്രത്യേകിച്ച് ചെറിയ പ്രായത്തിൽ) വർദ്ധിച്ചുവരുന്ന ഉത്കണ്ഠ, വിഷാദം, ഉറക്കക്കുറവ് എന്നിവയും തമ്മിൽ വ്യക്തമായ ബന്ധമുണ്ടെന്ന് തെളിവുകൾ കാണിക്കുന്നു. ഇത് മാനസികാരോഗ്യ പ്രശ്നങ്ങളിലേക്കും അമിതവണ്ണത്തിലേക്കും നയിക്കുന്നു,” ‘ഫേസ് ദി നേഷൻ’ എന്ന പരിപാടിയിൽ ആഡംസ് പറഞ്ഞു.

ഇൻസ്റ്റാഗ്രാം, ടിക് ടോക്, സ്നാപ്ചാറ്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ അത്യധികം അടിമപ്പെടുത്തുന്ന ആപ്പുകളിൽ നിന്നും അനുചിതമായ ഉള്ളടക്കങ്ങളിൽ നിന്നും യുവാക്കളെ സംരക്ഷിക്കുന്നതിനായി സാങ്കേതിക കമ്പനികളും നിയമനിർമ്മാതാക്കളും ഉടനടി നടപടിയെടുക്കണമെന്ന് വിവേക് മൂർത്തി 2023-ലെ തൻ്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ട്രംപ് ഭരണകൂടത്തിൽ സർജൻ ജനറലായിരുന്ന ആഡംസ് പറയുന്നത്, ഈ പ്ലാറ്റ്ഫോമുകൾ സിഗരറ്റ് പോലെ തന്നെ അപകടകരമായ രീതിയിൽ അടിമപ്പെടുത്തുന്നതാണെന്ന വസ്തുത സർക്കാർ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നാണ്. “പണ്ട് സിഗരറ്റ് നിർമ്മാതാക്കൾ കുട്ടികളെ വലയിലാക്കാൻ ശ്രമിച്ചത് പോലെ, ഈ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും കുട്ടികളെ അടിമകളാക്കാൻ ബോധപൂർവ്വം രൂപകൽപ്പന ചെയ്തതാണെന്ന് ഇപ്പോൾ കോടതിയിലുള്ള കേസുകളിൽ നിന്ന് നമുക്ക് മനസ്സിലാക്കാം,” അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ബുധനാഴ്ച കാലിഫോർണിയയിലെ ഒരു കോടതി വിധിയിൽ, ഫേസ്ബുക്കിൻ്റെയും ഇൻസ്റ്റാഗ്രാമിൻ്റെയും മാതൃകമ്പനിയായ മെറ്റയും, യൂട്യൂബും യുവാക്കളുടെ മാനസികാരോഗ്യത്തിന് ദോഷകരമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതിൻ്റെ പേരിൽ പരാതിക്കാരിയായ യുവതിക്ക് 6 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. കൂടാതെ, കുട്ടികളെ ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസിൽ ന്യൂ മെക്സിക്കോയിലെ ഒരു കോടതി മെറ്റയ്ക്ക് 375 മില്യൺ ഡോളർ പിഴയും ചുമത്തി. എന്നാൽ, തങ്ങൾ ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും ഈ വിധികൾക്കെതിരെ അപ്പീൽ നൽകുമെന്നും മെറ്റയും യൂട്യൂബും അറിയിച്ചു.
ഓസ്ട്രേലിയയിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിച്ച മാതൃക പിന്തുടരണമെന്ന് ആഡംസ് നിർദ്ദേശിച്ചു. അമേരിക്കയിലെ കൂടുതൽ സംസ്ഥാനങ്ങൾ ക്ലാസ് മുറികളിൽ സോഷ്യൽ മീഡിയയും സെൽ ഫോണും നിയന്ത്രിക്കുന്ന നിയമങ്ങൾ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“Social media is like cigarettes”; Former US Surgeon General says it’s enslaving children















