അമേരിക്കയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും Affordable Care Act (ACA) ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ ചേരാനുള്ള അവസാന ദിവസം പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ പുതിയ ആരോഗ്യപരിപാലന പദ്ധതിയുടെ ആശയങ്ങൾ അവതരിപ്പിച്ചത് ആശയകുഴപ്പം സൃഷ്ടിക്കുന്നു. ഈ പദ്ധതിയിൽ വ്യക്തതയില്ലെന്നും നിരവധി ചോദ്യങ്ങൾക്ക് മറുപടി ലഭിക്കുന്നില്ലെന്നും ആരോഗ്യനയ വിദഗ്ധർ പറയുന്നു.
ഒബാമ ഭരണകാലത്ത് കൊണ്ടുവന്ന ACAയെ (ഒബാമാകെയർ) ട്രംപ് വർഷങ്ങളായി വിമർശിച്ചുവരികയാണ്. അതിനിടെയാണ് അദ്ദേഹം “ദി ഗ്രേറ്റ് ഹെൽത്ത്‌കെയർ പ്ലാൻ” എന്ന പേരിൽ പുതിയ നിർദ്ദേശം അവതരിപ്പിച്ചത്. ഇൻഷുറൻസ് കമ്പനികൾക്ക് നൽകുന്ന സർക്കാർ സബ്‌സിഡി നേരിട്ട് ജനങ്ങളിലേക്ക് മാറ്റുക, ഹെൽത്ത് സേവിങ്സ് അക്കൗണ്ടുകൾ വഴി ഉപഭോക്താക്കളെ സഹായിക്കുക, മരുന്നുകളുടെ വില കുറയ്ക്കാൻ ‘മോസ്റ്റ് ഫേവേർഡ് നേഷൻ’ നയം നടപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന വാഗ്ദാനങ്ങൾ
വലിയ ഇൻഷുറൻസ് കമ്പനികൾക്ക് നൽകുന്ന സർക്കാർ പണമടയ്ക്കൽ അവസാനിപ്പിച്ച്, ആ തുക നേരിട്ട് ജനങ്ങളിലേക്ക് നൽകുന്നതിലൂടെ ഇൻഷുറൻസ് പ്രീമിയം കുറയ്ക്കുമെന്ന് പദ്ധതി പ്രഖ്യാപിച്ച വീഡിയോയിൽ ട്രംപ് പറഞ്ഞു. എന്നാൽ വൈറ്റ് ഹൗസ് വെബ്‌സൈറ്റിൽ നൽകിയ വീഡിയോയിലും ഒരുപേജ് വിശദീകരണ കുറിപ്പിലും ഓരോ അമേരിക്കക്കാരനും എത്ര തുക ലഭിക്കും, പദ്ധതിക്ക് എത്ര ഫണ്ട് ആവശ്യമാണ്, പണം എങ്ങനെ വിതരണം ചെയ്യും തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ല.
ഒബാമ ഭരണകാലത്ത് ആരോഗ്യ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന ഡോ. സച്ചിൻ ജെയിൻ, ട്രംപ് തന്റെ രണ്ടാം കാലാവധിയിൽ ആരോഗ്യസംരക്ഷണത്തെ പ്രധാന അജണ്ടയാക്കുന്നത് “വലിയ ഒരു മാറ്റം” ആണെന്ന് പറഞ്ഞു. എന്നാൽ ആരോഗ്യരംഗത്ത് കാര്യങ്ങൾ എപ്പോഴും വിശദാംശങ്ങളിലാണ് കുടുങ്ങുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മരുന്നുകളുടെ വില കുറയ്ക്കുന്നതും ഇൻഷുറൻസ് സബ്‌സിഡി കുറയ്ക്കുന്നതും കൂടാതെ, ചില ചെലവുകൾ പങ്കിടുന്ന (cost-sharing) വ്യവസ്ഥയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ഒബാമാകെയർ പ്രീമിയങ്ങൾ 10 ശതമാനം വരെ കുറയാമെന്ന് കോൺഗ്രഷണൽ ബജറ്റ് ഓഫീസ് കണക്കാക്കുന്നു. മെഡികെയർ, മെഡിക്കെയ്ഡ് സ്വീകരിക്കുന്ന ആശുപത്രികളും സേവനദാതാക്കളും അവരുടെ നിരക്കുകൾ വ്യക്തമായി പ്രദർശിപ്പിക്കണമെന്നും, ഇൻഷുറൻസ് കമ്പനികളെ ‘Plain English’ മാനദണ്ഡത്തിൽ ഉത്തരവാദികളാക്കുമെന്നും പദ്ധതി പറയുന്നു.
എന്നാൽ, വെറും ഒരു പേജ് രേഖയിലൂടെ ഈ പദ്ധതി എത്രത്തോളം ഫലപ്രദമാകുമെന്ന് വിലയിരുത്താനാവില്ലെന്ന് ആരോഗ്യനയ വിദഗ്ധർ പറയുന്നു. പദ്ധതിയിലെ പല കാര്യങ്ങളും ഇതിനകം ACAയിൽ ഉള്ളവയോ അതിനോട് സാമ്യമുള്ളവയോ ആണെന്ന് KFF എന്ന സ്വതന്ത്ര ഗവേഷണ സ്ഥാപനത്തിലെ സീനിയർ വൈസ് പ്രസിഡന്റ് സിന്തിയ കോക്സ് പറഞ്ഞു. നേരിട്ട് പണം നൽകുന്ന ആശയം പുതുമയല്ലെന്നും, മുമ്പ് റിപ്പബ്ലിക്കൻ പാർട്ടി അവതരിപ്പിച്ചെങ്കിലും പരാജയപ്പെട്ട നിരവധി നിർദ്ദേശങ്ങളിൽ ഇത് ഉണ്ടായിരുന്നുവെന്നും കോക്സ് വ്യക്തമാക്കി.
ഈ പുതിയ സമീപനം ചില ദുർബല വിഭാഗങ്ങൾക്ക് തിരിച്ചടിയാകാമെന്നും കോക്സ് മുന്നറിയിപ്പ് നൽകി. ACA മാനദണ്ഡങ്ങൾ പാലിക്കാത്ത ഇൻഷുറൻസ് പദ്ധതികൾക്ക് ആളുകൾ പണം ചെലവഴിച്ചാൽ, ഒബാമാകെയർ വിപണി തകരാൻ പോലും സാധ്യതയുണ്ട്. അതോടെ രോഗികൾക്ക് ഇൻഷുറൻസ് ലഭിക്കാതെ പോകുമെന്നും 20 ദശലക്ഷത്തിലധികം ആളുകൾ സ്വന്തമായി ഇൻഷുറൻസ് വാങ്ങുന്ന സാഹചര്യത്തിൽ, ഇത് ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കാമെന്നും കോക്സ് കൂട്ടിച്ചേർത്തു.
പദ്ധതി എപ്പോൾ പ്രാവർത്തികമാകുമെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. കോൺഗ്രസ് നിലവിൽ അവധിയിലായതിനാൽ ഉടൻ മാറ്റങ്ങൾ ഉണ്ടാകുമോയെന്നത് സംശയമാണെന്ന് വിദഗ്ധർ പറയുന്നു. ഇതിനിടെ, ഡെമോക്രാറ്റുകൾ മുന്നോട്ടുവച്ച ACA നികുതി ഇളവുകൾ മൂന്ന് വർഷം കൂടി നീട്ടാനുള്ള ബിൽ പ്രതിനിധി സഭ പാസാക്കിയിട്ടുണ്ട്. എന്നാൽ സെനറ്റിലൂടെ ബിൽ കടന്ന് ട്രംപിന്റെ ഒപ്പിലേക്ക് എത്തുമോയെന്നത് ഇപ്പോഴും അനിശ്ചിതമാണ്.
Some policy experts struggle to make sense of new Trump health plan















