
കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമെന്ന് സർ ഗംഗാ റാം ആശുപത്രി ചെയർമാൻ ഡോ. അജയ് സ്വരൂപ് അറിയിച്ചു. ഡോക്ടർമാരുടെ പ്രത്യേക സംഘം ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. വയറിലും മൂത്രനാളത്തിലും ഉണ്ടായ അണുബാധയെത്തുടർന്നാണ് വിദഗ്ധ പരിശോധനകൾ നടത്തുന്നത്.
ചൊവ്വാഴ്ച രാത്രിയോടെയാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ രാഹുലും പ്രിയങ്കയും ഒപ്പമുണ്ട്. അതേസമയം സോണിയ ഗാന്ധിയുടെ ആരോഗ്യ പ്രശ്നം മൂലം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം റദ്ദാക്കിയിട്ടുണ്ട്. പകരം മല്ലികാർജുൻ ഖാർഗെ പരിപാടിയിൽ പങ്കെടുക്കും.
കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് കോഴിക്കോട് മഹാറാലി നടക്കുന്നത്. യുഡിഎഫിന്റെ ഔദ്യോഗിക പ്രചാരണ പരിപാടികളുടെ തുടക്കമായ ഈ പരിപാടിയിൽ യുഡിഎഫിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ അടങ്ങിയ ഗ്യാരണ്ടി കാർഡ് അവതരിപ്പിക്കും. യുഡിഎഫിന്റെ സംസ്ഥാനതല പ്രചാരണത്തിനു തയാറാക്കിയ ബസും ഫ്ലാഗ് ഓഫ് ചെയ്യും.
Sonia Gandhi’s health condition satisfactory; Mallikarjun Kharge to reach Kerala today












