ജാൻസൻ കൊടുങ്കാറ്റ്, ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ആദ്യ തോൽവി, സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കക്ക് മുന്നിൽ 76 റൺസിന് മുട്ടുമടക്കി

ടി20 ലോകകപ്പ് സൂപ്പർ എയിറ്റിലെ ആദ്യ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയോട് കനത്ത തോൽവി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 18.5 ഓവറിൽ വെറും 111 റൺസിന് പുറത്തായി. ഇതോടെ ലോകകപ്പിലെ ഇന്ത്യയുടെ തുടർച്ചയായ 12 വിജയങ്ങൾ എന്ന റെക്കോർഡിനും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അന്ത്യമായി.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക തുടക്കത്തിൽ 20 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ പതറിയെങ്കിലും ഡേവിഡ് മില്ലറുടെയും (63) ഡിവാൾഡ് ബ്രെവിസിന്റെയും (45) പ്രകടനം അവരെ ശക്തമായ നിലയിലെത്തിച്ചു. അവസാന ഓവറുകളിൽ തകർത്തടിച്ച ട്രിസ്റ്റൻ സ്റ്റബ്സ് (44*) ടീം സ്കോർ 187-ൽ എത്തിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും അർഷ്ദീപ് സിംഗ് രണ്ട് വിക്കറ്റും വീഴ്ത്തിയെങ്കിലും മറ്റ് ബൗളർമാർക്ക് റണ്ണൊഴുക്ക് തടയാനായില്ല.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ഓപ്പണർ ഇഷാൻ കിഷൻ പൂജ്യത്തിന് പുറത്തായപ്പോൾ അഭിഷേക് ശർമയ്ക്കും (15) തിലക് വർമയ്ക്കും (11) തിളങ്ങാനായില്ല. 42 റൺസെടുത്ത ശിവം ദുബെ മാത്രമാണ് ഇന്ത്യൻ നിരയിൽ അല്പമെങ്കിലും പൊരുതിയത്. മാർക്കോ ജാൻസൺ നാല് വിക്കറ്റും കേശവ് മഹാരാജ് മൂന്ന് വിക്കറ്റും വീഴ്ത്തി ഇന്ത്യൻ മധ്യനിരയെ തകർത്തു. ദക്ഷിണാഫ്രിക്കയുടെ കൃത്യതയാർന്ന ബൗളിംഗിന് മുന്നിൽ നിലയുറപ്പിക്കാൻ കഴിയാതെ വന്നതോടെ ഇന്ത്യ പരാജയം സമ്മതിച്ചു.

South Africa Thrash India by 76 Runs in T20 World Cup Super Eight Clash at Ahmedabad

More Stories from this section

family-dental
witywide