നാട്ടിലെങ്ങും പാട്ടായി! എസ്‌.ഐ.യു.സി.സി മ്യൂസിക് ക്ലബിന് ആവേശകരമായ തുടക്കം

ഡോ. ജോർജ് എം. കാക്കനാട്

ഹൂസ്റ്റൺ: കല, സാംസ്‌കാരിക വിനിമയം, മാനസിക ഉല്ലാസം എന്നിവ മുൻനിർത്തി സൗത്ത് ഇന്ത്യൻ യു.എസ്. ചേംബർ ഓഫ് കൊമേഴ്സ് (SIUCC) ആവിഷ്കരിച്ച മ്യൂസിക് ക്ലബ്ബിന്റെ ഉദ്ഘാടനം ആവേശകരമായ ചടങ്ങിൽ നടന്നു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങ് വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. പരിപാടിയുടെ ഭാഗമാകാൻ എത്തിയവർ വിവിധ ഗാനങ്ങൾ ആലപിച്ചതും സംഗീത സന്ധ്യയ്ക്ക് മാറ്റ് കൂട്ടി.

ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ മ്യൂസിക് ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. സംഗീതം ബാല്യം മുതൽ മനുഷ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ദൈനംദിന ജീവിതത്തെ അത് കൂടുതൽ അർത്ഥവത്താക്കുന്നുവെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

ലോകപ്രശസ്ത സംഗീതജ്ഞനും ഗായകനുമായ റവ. ഡോ. പോൾ പൂവത്തിങ്കൽ ഓൺലൈൻ വഴി പങ്കെടുത്തു അനുഗ്രഹപ്രഭാഷണം നടത്തി. സംഗീതം മതപരമായ അതിർവരമ്പുകൾക്കതീതവും ദൈവീകവുമാണെന്ന് അദ്ദേഹം പറഞ്ഞു. മാനസിക ഏകാഗ്രത വർദ്ധിപ്പിക്കാനും പിരിമുറുക്കങ്ങളിൽ നിന്ന് മുക്തി നേടാനും സംഗീതം സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിൽ അദ്ദേഹം ആലപിച്ച ഗാനം കാണികളെ ഏറെ ആകർഷിച്ചു.

ചടങ്ങിൽ അധ്യക്ഷത വഹിച്ച ചേംബർ പ്രസിഡന്റ് ഡോ. ജോർജ് കാക്കനാട്ട്, സംഗീതം വഴി മാനസികാരോഗ്യം മെച്ചപ്പെടുത്താനും ജീവിത വെല്ലുവിളികളെ അതിജീവിക്കാനും സഹായിക്കുക എന്നതാണ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യമെന്ന് വ്യക്തമാക്കി. ഫോമ ഫൗണ്ടിംഗ് പ്രസിഡന്റും ചേംബർ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശശിധരൻ നായർ ബോർഡ് അംഗങ്ങളെ അഭിനന്ദിക്കുകയും “ഇത്രത്തോളം യഹോവ സഹായിച്ചു” എന്ന ഗാനം ആലപിക്കുകയും ചെയ്തു.

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) പ്രസിഡൻ്റ്
പ്രസിഡന്റ് റോയ് മാത്യു, തൃശ്ശൂർ അസോസിയേഷൻ പ്രസിഡന്റ് ധനിഷ സാം എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. പതിനഞ്ചാം വർഷത്തിലേക്ക് കടക്കുന്ന SIUCC, ബിസിനസ് സംരംഭകർക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനകരമായ നിരവധി പദ്ധതികൾ നടപ്പിലാക്കി വരികയാണ്.

ഈ പരിപാടിയുടെ വിജയത്തിനായി ചേംബർ സെക്രട്ടറി ബ്രൂസ് കൊളംബേൽ, ഫിനാൻസ് ഡയറക്ടർ സണ്ണി കാരിയ്ക്കൽ, മുൻ പ്രസിഡന്റ് ജിജി ഓലിക്കൻ, ജോയിന്റ് ട്രഷറർ സാം സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി ബ്രൂസ് കൊളംബേൽ സ്വാഗതം ആശംസിച്ചു. വിജി കാരിയ്ക്കൽ, സാലി കാക്കനാട്ട് എന്നിവർ തയ്യാറാക്കിയ വിഭവസമൃദ്ധമായ വിരുന്നോടെ ചടങ്ങുകൾ സമാപിച്ചു.

സംരംഭകത്വത്തെ പിന്തുണയ്ക്കുന്നതിനൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് SIUCC ഭാരവാഹികൾ അറിയിച്ചു. നിത്യജീവിതത്തിലെ സമ്മർദ്ദങ്ങൾ കുറയ്ക്കുക, ഭാവനാപരമായ കഴിവുകൾ വളർത്തുകയും വൈകാരിക സന്തുലിതാവസ്ഥ ഉറപ്പാക്കുകയും ചെയ്യുക, വളർന്നുവരുന്ന ഗായകർക്കും സംഗീത പ്രേമികൾക്കും ആവശ്യമായ മാർഗനിർദ്ദേശവും വേദിയും ഒരുക്കുക എന്നിവയാണ് മ്യൂസിക് ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ.

South Indian U.S. Chamber of Commerce SIUCC Music club inaugurated exciting ceremony

More Stories from this section

family-dental
witywide