
ന്യൂഡൽഹി: ഇറാനെതിരായ യുഎസ്-ഇസ്രായേൽ സൈനിക നടപടിയെ ശക്തമായി എതിർക്കുന്ന പ്രധാന യൂറോപ്യൻ നേതാവായി സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് മാറി. നിലവിലെ സാഹചര്യത്തിൽ, യുദ്ധത്തോടുള്ള തൻ്റെ വിയോജിപ്പ് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു. “യുദ്ധത്തിന് ഇല്ല” എന്ന ആപ്തവാക്യമുയർത്തി അദ്ദേഹം സമാധാനത്തിനായി നിലകൊള്ളുന്നു. ഇറാനെതിരായ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇറാനെതിരായ യുഎസ്-ഇസ്രായേൽ സൈനിക നീക്കം അന്താരാഷ്ട്ര നിയമങ്ങളെ പരസ്യമായി വെല്ലുവിളിക്കുന്നതാണെന്നും പെഡ്രോ സാഞ്ചസ് ആവർത്തിച്ചു. ഐക്യരാഷ്ട്രസഭയുടെ (UN) സുരക്ഷാ കൗൺസിലിൻ്റെയോ അല്ലെങ്കിൽ യുഎസ് കോൺഗ്രസിൻ്റെയോ മുൻകൂർ അനുമതിയില്ലാതെ നടത്തിയ ഈ ആക്രമണം തികച്ചും നിയമവിരുദ്ധമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ഇത്തരം സൈനിക നടപടികൾ ലോകത്ത് കൂടുതൽ അസ്ഥിരതയുണ്ടാക്കുമെന്നും സമാധാനപരമായ പരിഹാരത്തിനുള്ള സാധ്യതകൾ ഇല്ലാതാക്കുമെന്നും അദ്ദേഹം ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ മുന്നറിയിപ്പ് നൽകി.
ഇറാനെതിരായ സൈനിക നീക്കത്തിന് സ്പെയിനിലെ വ്യോമ-നാവിക താവളങ്ങൾ വിട്ടുനൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സ്പെയിനുമായുള്ള എല്ലാ വ്യാപാരബന്ധങ്ങളും അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായ ഒരു യുദ്ധത്തിന് സ്പെയിനിലെ സൈനിക താവളങ്ങൾ വിട്ടുനൽകില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. മാനുഷിക ആവശ്യങ്ങൾക്ക് അല്ലാതെ മറ്റൊരു സൈനിക നീക്കത്തിനും സ്പെയിൻ കൂട്ടുനിൽക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു. അതേത്തുടർന്ന് സ്പെയിനിലെ റോത്ത, മൊറോൺ എന്നീ താവളങ്ങളിൽനിന്ന് ഇന്ധനംനിറയ്ക്കുന്നവയുൾപ്പെടെ 15 യു.എസ്. യുദ്ധവിമാനങ്ങൾക്ക് തിരികെ പറക്കേണ്ടിവരുകയും ചെയ്തിരുന്നു.
“ലോകത്തിന് അത്യന്തം മോശമായി ഭവിക്കുന്ന, ഞങ്ങളുടെ മൂല്യങ്ങൾക്കും ദേശീയതാത്പര്യങ്ങൾക്കും നിരക്കാത്ത കാര്യങ്ങളിൽ സ്പെയിൻ പങ്കാളിയാവുകയില്ല. ജനജീവിതം മെച്ചപ്പെടുത്താനായാണ് സർക്കാരുകൾ നിലകൊള്ളേണ്ടത്. ഈ നേതാക്കൾ അവരുടെ ആഭ്യന്തരപരാജയങ്ങൾ മറച്ചുവെക്കാനുള്ള മറയായി യുദ്ധത്തെ ഉപയോഗിക്കുന്നു. ഇങ്ങനെയാണ് വലിയ മാനുഷികദുരന്തം തുടങ്ങുക. ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതംവെച്ച് കളിക്കാൻ നിങ്ങൾക്ക് അവകാശമില്ല.” – രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ സാഞ്ചസ് പറഞ്ഞു
ഗാസ വിഷയത്തിലും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ നയങ്ങളെ ഏറ്റവും ശക്തമായി വിമർശിച്ച യൂറോപ്യൻ നേതാക്കളിൽ ഒരാളാണ് സാഞ്ചസ്.
ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഈ വിഷയത്തിൽ യുഎസ് നിലപാടിനോട് ചേരുമ്പോൾ, സ്പെയിൻ മാത്രമാണ് ഇത്രയും കടുത്ത യുദ്ധവിരുദ്ധ നിലപാട് സ്വീകരിക്കുന്ന പ്രമുഖ യൂറോപ്യൻ ശക്തി. ലക്ഷക്കണക്കിന് മനുഷ്യരുടെ വിധി വെച്ച് ‘റഷ്യൻ റൗലറ്റ്’ കളിക്കരുതെന്ന് അദ്ദേഹം ലോകനേതാക്കൾക്ക് മുന്നറിയിപ്പ് നൽകി. 2003-ലെ ഇറാഖ് യുദ്ധം ലോകത്തുണ്ടാക്കിയ കടുത്ത പ്രത്യാഘാതങ്ങൾ ആവർത്തിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു
Spanish Prime Minister Pedro Sanchez, standing alone against Trump and Netanyahu on the Iran issue, says he will not stand for war















