
ന്യൂഡൽഹി: ഇന്ന് രാവിലെ ഡൽഹിയിൽ നിന്ന് ലേയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം (SG121) എൻജിൻ തകരാറിനെത്തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി.
വിമാനം പറന്നുയർന്ന ഉടൻ എൻജിനുകളിലൊന്നിൽ തകരാർ കണ്ടതിനെത്തുടർന്ന് വിമാനത്താവളത്തിൽ ‘ഫുൾ എമർജൻസി’ പ്രഖ്യാപിച്ചു. ഏകദേശം 150 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും സ്പൈസ് ജെറ്റ് വക്താവ് അറിയിച്ചു.
രാവിലെ 6:08-ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട ബോയിംഗ് 737 വിമാനം, തകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഏകദേശം 6:45-ഓടെ സുരക്ഷിതമായി തിരിച്ചിറക്കി. എൻജിനിൽ തീപ്പൊരിയും പുകയും കണ്ടതിനെത്തുടർന്നാണ് മുൻകരുതൽ നടപടിയായി ഡൽഹി വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കിയതെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ.
അതേസമയം കോക്പിറ്റിൽ ഫയർ വാണിംഗ് ഉണ്ടായിരുന്നില്ലെന്ന് വിമാനക്കമ്പനി വ്യക്തമാക്കി. വിമാനം നിലവിൽ വിശദമായ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കുകയാണ്.
യാത്രക്കാരെ വിമാനത്തിൽ നിന്ന് സാധാരണ രീതിയിൽ പുറത്തിറക്കിയതായും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് വിമാനം തിരിച്ചിറക്കിയതെന്നും അധികൃതർ അറിയിച്ചു.
Sparks and smoke in engine; SpiceJet makes emergency landing after takeoff















