ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി, മരണത്തിൽ അസ്വാഭാവികതയില്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്, മൃതദേഹം ബന്ധുക്കൾക്ക് കൈമാറി, നാട്ടിലേക്ക് തിരിച്ചു

കർണാടകയിലെ ചിക്കമംഗലൂരിൽ വിനോദസഞ്ചാരത്തിനിടെ കാണാതായി മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി പെൺകുട്ടി ശ്രീനന്ദയുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്തുവന്നു. മരണത്തിൽ പ്രാഥമികമായി അസ്വാഭാവികതയൊന്നും കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ സംശയകരമായ മുറിവുകളില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. വസ്ത്രം കീറിയ നിലയിലായിരുന്നുവെങ്കിലും അത് മൃതദേഹം കണ്ടെത്തിയ വനമേഖലയിലെ മരങ്ങളിൽ കൊളുത്തി വലിച്ചുണ്ടായതാകാമെന്നാണ് നിഗമനം. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി ആംബുലൻസിൽ നാട്ടിലേക്ക് പുറപ്പെട്ടു.

പാലക്കാട് കടമ്പഴിപ്പുറത്തെ രമേശ് – രോഹിണി ദമ്പതിമാരുടെ മകളായ 15കാരി ശ്രീനന്ദയെ നാല് ദിവസത്തെ തീവ്രമായ തെരച്ചിലിനൊടുവിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപത്തെ വ്യൂ പോയിന്റിൽ നിന്ന് 1500 അടി താഴ്ചയിലായിരുന്നു മൃതദേഹം. ചൊവ്വാഴ്ച വൈകീട്ടോടെയാണ് കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കെത്തിയ കുട്ടിയെ കാണാതായത്. നൂറോളം പേരടങ്ങുന്ന രക്ഷാസംഘം തെർമൽ ഡ്രോണുകളുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് താഴ്വരയിൽ മൃതദേഹം കണ്ടെത്തിയത്.

ആദ്യഘട്ടത്തിൽ കുട്ടിയുടെ തിരോധാനം സംബന്ധിച്ച് വലിയ ആശങ്കകൾ ഉയർന്നിരുന്നെങ്കിലും ഇൻക്വസ്റ്റ് റിപ്പോർട്ടിലെ വിവരങ്ങൾ ദുരൂഹതകൾ നീക്കുന്നതാണ്. മലയിടുക്കിൽ നിന്നുള്ള വീഴ്ചയാകാം മരണകാരണമെന്നാണ് സൂചന. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്ത് നിന്ന് നാൽപ്പതംഗ സംഘത്തോടൊപ്പമാണ് ശ്രീനന്ദയും കുടുംബവും ചിക്കമംഗലൂരിൽ എത്തിയത്. അപ്രതീക്ഷിതമായുണ്ടായ ഈ വിയോഗം നാട്ടിലും വീട്ടിലും വലിയ നടുക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്.

Sreenanda’s body brought home after autopsy; Inquest report rules out foul play in Chikmagalur tragedy

More Stories from this section

family-dental
witywide