വിശാഖപട്ടണത്ത് സൈനികാഭ്യാസം കഴിഞ്ഞ ശേഷം മടങ്ങവേ ശ്രീലങ്കൻ തീരത്തിന് സമീപം ഇറാനിയൻ യുദ്ധക്കപ്പലായ ഐആർഐഎസ് ദേനയ്ക്ക് നേരെയുണ്ടായ അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട 84 നാവികരുടെ മൃതദേഹങ്ങൾ വിട്ടുനൽകാൻ ശ്രീലങ്കൻ കോടതി ഉത്തരവിട്ടു. ഇറാൻ എംബസിക്ക് നൽകാനാണ് കോടതി ഉത്തരവ്.
നിലവിൽ ഗാല്ലെ നാഷണൽ ആശുപത്രിയിലെ രണ്ട് ഫ്രീസർ കണ്ടെയ്നറുകളിലായാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ഗല്ലെ ചീഫ് മജിസ്ട്രേറ്റ് സമീറ ദൊഡംഗോഡ ആശുപത്രി ഡയറക്ടർക്കാണ് ഇറാൻ എംബസിക്ക് മൃതദേഹങ്ങൾ കൈമാറാൻ ഉത്തരവ് നൽകിയത്. അതേസമയം, കൊല്ലപ്പെട്ട നാവികരുടെ മൃതദേഹങ്ങൾ ഇറാനിലേക്ക് തിരിച്ചയക്കാൻ അനുയോജ്യമായ സാഹചര്യം ഉണ്ടാകുന്നത് വരെ അവ ശ്രീലങ്കയിൽ തന്നെ സൂക്ഷിക്കുമെന്നായിരുന്നു സർക്കാർ മുൻപ് അറിയിച്ചിരുന്നത്.
ആശുപത്രി മോർച്ചറിയിൽ ആവശ്യത്തിന് സ്ഥലസൗകര്യം ഇല്ലാത്തതിനെത്തുടർന്ന് നിലവിൽ താൽക്കാലിക മോർച്ചറിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. കപ്പലിലുണ്ടായിരുന്ന 32 നാവികരെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തിയിരുന്നു. പരിക്കേറ്റ 32 നാവികരുടെ നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഞായറാഴ്ച ആശുപത്രി അധികൃതർ അവരെ വിട്ടയച്ചു. അവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.
Sri Lankan court orders return of bodies of Iranian sailors killed in US attack











