ഗൾഫിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; സർട്ടിഫിക്കറ്റ് നൽകുന്നതിനായി പ്രത്യേക മൂല്യനിർണ്ണയ രീതി

പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് ഗൾഫ് രാജ്യങ്ങളിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ കാരണം കൃത്യസമയത്ത് പരീക്ഷകൾ പൂർത്തിയാക്കാൻ സാധിക്കില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ഇത്തരമൊരു സുപ്രധാന തീരുമാനമെടുത്തത്.

പരീക്ഷകൾ റദ്ദാക്കിയ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നതിനായി പ്രത്യേക മൂല്യനിർണ്ണയ രീതി നടപ്പിലാക്കും. എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് അവരുടെ ഓണം, ക്രിസ്മസ് പരീക്ഷകളിലെ ശരാശരി മാർക്ക് പരിഗണിച്ചാകും ഗ്രേഡുകൾ നിശ്ചയിക്കുക. പ്ലസ് ടു വിദ്യാർത്ഥികളുടെ കാര്യത്തിൽ, അവരുടെ പ്ലസ് വൺ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി ഫലം പ്രസിദ്ധീകരിക്കാനാണ് തീരുമാനം.

വിദ്യാർത്ഥികളുടെ ഉപരിപഠനത്തിന് തടസ്സമുണ്ടാകാത്ത രീതിയിൽ മാർക്ക് പരിഗണിച്ച് സർട്ടിഫിക്കറ്റുകൾ നൽകുമെന്ന് മന്ത്രാലയം ഉറപ്പുനൽകി. കൂടാതെ പ്ലസ് ടു വിദ്യാർത്ഥികൾക്ക് പ്രത്യേക ബോണസ് മാർക്ക് നൽകുന്ന കാര്യവും പരിഗണനയിലുണ്ട്. യുദ്ധം മൂലമുണ്ടായ അപ്രതീക്ഷിത സാഹചര്യം വിദ്യാർത്ഥികളുടെ ഭാവി ബാധിക്കാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

SSLC and Plus Two exams cancelled in Gulf region due to conflict; alternative grading system to be implemented

More Stories from this section

family-dental
witywide