റഷ്യയിൽ കത്തിക്കുത്ത്: നാല് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരം

റഷ്യയിലെ ബാഷ്കോർട്ടോസ്റ്റാൻ റിപ്പബ്ലിക്കിൽ ലെ ഒരു സർവകലാശാലയിൽ നടന്ന കത്തിയാക്രമണത്തിൽ നാല് ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. 15 വയസുള്ള ഒരു യുവാവാണ് ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യൻ വിദ്യാർത്ഥികളെ കൂടാതെ പൊലീസ് ഉദ്യോഗസ്ഥർക്കുമാണ് പരിക്കേറ്റത്. ശനിയാഴ്ചയായിരുന്നു സംഭവം. ആക്രമണം മോസ്കോയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഒരാളുടെ നില ഗുരുതരമാണെന്നും മറ്റു മൂന്ന് പേർ സുഖപ്പെട്ടു വരുന്നുവെന്നും അധികൃതർ അറിയിച്ചു.

പ്രാഥമിക വിവരങ്ങൾ പ്രകാരം, കത്തി കൈവശം വച്ചിരുന്ന ഒരു കൗമാരക്കാരൻ ബാഷ്കോർട്ടോസ്റ്റാൻ റിപ്പബ്ലിക്കിലെ ഉഫാ നഗരത്തിലുള്ള സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയുടെ ഹോസ്റ്റലിൽ കടന്നു കയറി. അവിടെ താമസിച്ചിരുന്ന വിദ്യാർത്ഥികളെ ഇയാൾ ആക്രമിക്കുകയും നിരവധി പേരെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്‌തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതി അറസ്റ്റിനെ ചെറുത്തതിനെ തുടർന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും കുത്തേറ്റു.

കൂടാതെ പ്രതി സ്വയം ശരീരത്തിൽ പരിക്കേൽപ്പിച്ചതായും ആഭ്യന്തര മന്ത്രാലയ വക്താവ് മേജർ ജനറൽ ഇറിന വോൾക്ക് അറിയിച്ചു. ഇത് ഒരു “ദുരഭാഗ്യകരമായ സംഭവം” ആണെന്ന് വിശേഷിപ്പിച്ച ഇന്ത്യൻ എംബസി, “നാല് ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്” എന്ന് പ്രസ്താവനയിൽ പറഞ്ഞു. വിഷയത്തിൽ റഷ്യൻ അധികാരികളുമായി നിരന്തരം ബന്ധം പുലർത്തുന്നുണ്ടെന്നും, പരിക്കേറ്റ വിദ്യാർത്ഥികൾക്ക് സഹായം നൽകുന്നതിനായി കസാൻ നഗരത്തിലെ ഇന്ത്യൻ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ ഉഫയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും എംബസി അറിയിച്ചു. പരുക്കേറ്റ ഇന്ത്യൻ വിദ്യാർഥികളുടെ വിവരങ്ങൾ എംബസി പുറത്തുവിട്ടിട്ടില്ല.

റഷ്യൻ ഫെഡറൽ ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പു പ്രകാരം, ആക്രമണത്തിൽ പരിക്കേറ്റ നാല് പേർ നിലവിൽ ചികിത്സയിൽ കഴിയുകയാണ്. ഇയാളെയും ഗുരുതര നിലയിൽ പ്രാദേശിക കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബാസാ ടെലഗ്രാം ചാനൽ റിപ്പോർട്ട് ചെയ്തു. മോസ്കോയിൽ നിന്ന് ഏകദേശം 1,200 കിലോമീറ്റർ കിഴക്കുള്ള ഉഫാ നഗരത്തിൽ സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Stabbing in Russia: Four Indian students injured, one in critical condition

More Stories from this section

family-dental
witywide