
കൊട്ടാരക്കര: സംസ്ഥാന ഖജനാവിൽ പൂച്ച പെറ്റെന്ന പ്രതിപക്ഷത്തിന്റെ പരിഹാസത്തിന് മറുപടിയുമായി ധനമന്ത്രി കെ.എൻ. ബാലഗോപാലും മുഖ്യമന്ത്രി പിണറായി വിജയനും. ഈ മാർച്ച് 31 ഉം കേരളം സുഭിക്ഷമായിത്തന്നെ കടന്നുപോകുമെന്നും ഖജനാവിൽ ആവശ്യത്തിന് പണമുണ്ടെന്നും ബാലഗോപാൽ വ്യക്തമാക്കി. കൊട്ടാരക്കരയിൽ നടന്ന എൽ.ഡി.എഫ്. പ്രചാരണ യോഗത്തിലാണ് ഇരുവരും യു.ഡി.എഫിനും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.
2011-16 ലെ യു.ഡി.എഫ്. ഭരണകാലത്ത് കേരളത്തിലെ എല്ലാ മേഖലകളും തകർന്നിരുന്നുവെന്നും ആ നിരാശയിൽ നിന്ന് നാടിനെ മാറ്റിയെടുത്തത് എൽ.ഡി.എഫ്. സർക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾ എൽ.ഡി.എഫിന് നൽകിയ തുടർഭരണത്തെ ഇപ്പോൾ ശരിവെക്കുകയാണെന്നും വികസന പ്രവർത്തനങ്ങൾ നടത്താൻ യു.ഡി.എഫിന് കഴിയില്ലെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു. ബി.ജെ.പിക്കും കോൺഗ്രസിനും കോർപ്പറേറ്റുകളെ പിന്താങ്ങുന്ന ഒരേ നയമാണെന്നും എന്നാൽ എൽ.ഡി.എഫ്. എന്നും ജനപക്ഷത്താണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കേരളത്തെ തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും വയനാട് ദുരന്തത്തിൽ പോലും കേരളത്തിന് അർഹമായ സഹായം നൽകിയില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വിദേശ രാജ്യങ്ങൾ സഹായിക്കാൻ തയ്യാറായെങ്കിലും കേന്ദ്രം അത് അനുവദിച്ചില്ല. ബി.ജെ.പിയെയും ആർ.എസ്.എസ്സിനെയും കേരളം സ്വീകരിക്കാത്തതിലുള്ള പകയാണ് ഇതിന് പിന്നിലെന്നും എന്നാൽ ഇതിനെതിരെ യു.ഡി.എഫ്. അര അക്ഷരം മിണ്ടിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. ബി.ജെ.പിയുടെ മനസ് കലുഷിതമാകരുതെന്ന് കരുതി കേന്ദ്രത്തെ പിന്തുണയ്ക്കുന്ന സമീപനമാണ് യു.ഡി.എഫ്. സ്വീകരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.
ഐഷ പോറ്റിയുടെ പേര് പരാമർശിക്കാതെ അവസരവാദത്തിന്റെ മൂർത്തീകരണങ്ങളെ ഉപയോഗിച്ച് എൽ.ഡി.എഫിനെ നേരിടാൻ ശ്രമിക്കുന്നത് വ്യാമോഹമാണെന്നും അത് കൊട്ടാരക്കര തെളിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ധനകാര്യ വകുപ്പ് കെ.എൻ. ബാലഗോപാൽ മികവോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും ജനങ്ങൾ ഒപ്പമുണ്ടെന്ന പൂർണ്ണ ആത്മവിശ്വാസം എൽ.ഡി.എഫിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ പ്രചാരണത്തിൽ എൽ.ഡി.എഫ്. കൂടുതൽ ആവേശം പകരുമെന്നാണ് കൊട്ടാരക്കരയിലെ റാലി സൂചിപ്പിക്കുന്നത്.
State treasury is secure, says K.N. Balagopal; CM slams UDF and Centre in Kottarakkara















