വാഷിങ്ടൺ: കുട്ടികളുടെ വാക്സിനേഷൻ ശുപാർശകളിൽ മാറ്റം വരുത്തിയ ട്രംപ് ഭരണകൂടത്തിനെതിരെ അമേരിക്കയിലെ പതിനാലിലധികം സംസ്ഥാനങ്ങൾ കോടതിയെ സമീപിച്ചു. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന നിയമവിരുദ്ധ നീക്കമാണിതെന്ന് സംസ്ഥാനങ്ങൾ ആരോപിച്ചു. കഴിഞ്ഞ മാസം Centers for Disease Control and Prevention (CDC) എല്ലാ കുട്ടികൾക്കും ഫ്ലൂ, റോട്ടാവൈറസ്, ഹെപ്പറ്റൈറ്റിസ് A, ഹെപ്പറ്റൈറ്റിസ് B, ചില തരത്തിലുള്ള മെനിംജൈറ്റിസ്, ആർഎസ്എവി എന്നിവയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ് ഇനി സാധാരണ ശുപാർശ ചെയ്യില്ലെന്ന് അറിയിച്ചിരുന്നു. ഇതാണ് വിവാദത്തിന് ഇടയാക്കിയത്.
പുതിയ മാർഗനിർദേശപ്രകാരം, ഈ വാക്സിനുകൾ ഉയർന്ന അപകടസാധ്യതയുള്ള വിഭാഗങ്ങൾക്കോ ഡോക്ടർമാർ നിർദേശിക്കുന്ന സാഹചര്യങ്ങളിലോ മാത്രമേ നൽകാവൂ. ആരോഗ്യ വിദഗ്ധർ ഇതിനെതിരെ ശക്തമായ വിമർശനമുയർത്തിയിരുന്നു. ദീർഘകാലമായി പാലിച്ചുവരുന്ന മെഡിക്കൽ മാർഗനിർദേശങ്ങൾ അവഗണിച്ചാണ് പുതിയ തീരുമാനം കൈക്കൊണ്ടതെന്ന് അരിസോണ, കാലിഫോർണിയ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ആരോപിച്ചു. രോഗപ്രഭവങ്ങൾ നിയന്ത്രിക്കാൻ ഇനി സംസ്ഥാനങ്ങൾ കൂടുതൽ ചെലവഴിക്കേണ്ടിവരുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ് കെനഡി ജൂനിയറുടെ നേതൃത്വത്തിൽ പൊതുജനാരോഗ്യ നയങ്ങളിൽ വരുത്തിയ മാറ്റങ്ങളെച്ചൊല്ലി ഡെമോക്രാറ്റ് ഭരണത്തിലുള്ള സംസ്ഥാനങ്ങളും ട്രംപ് ഭരണകൂടവും തമ്മിൽ തുടരുന്ന തർക്കത്തിന്റെ ഭാഗമാണ് പുതിയ കേസ്. ട്രംപ് ഭരണകൂടം ഫെഡറൽ പൊതുജനാരോഗ്യ ഏജൻസികളിൽ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടതും ശാസ്ത്രീയ ഗവേഷണ ഫണ്ടിംഗ് കുറച്ചതും ഫ്ലൂറൈഡ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തിയതും വിവാദമായിരുന്നു.
കഴിഞ്ഞ വർഷം വാക്സിൻ ഉപദേശക സമിതിയിലെ മുഴുവൻ അംഗങ്ങളെയും ആരോഗ്യ സെക്രട്ടറി നീക്കിയതും പുതിയ അംഗങ്ങളെ നിയമിച്ചതും നിയമവിരുദ്ധമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. കാലിഫോർണിയ, വാഷിങ്ടൺ, ഒറിഗൺ സംസ്ഥാനങ്ങളുടെ ഡെമോക്രാറ്റിക് ഗവർണർമാർ സ്വന്തമായി വാക്സിൻ ശുപാർശകൾ രൂപീകരിക്കാൻ സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേസ്. വാക്സിനേഷൻ നിർബന്ധമാക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കാണ് ഉള്ളതെങ്കിലും സിഡിസിയുടെ ശുപാർശകൾ സംസ്ഥാന നയങ്ങളെ സ്വാധീനിക്കുന്നതാണ്.
States take Trump administration to court over change in child vaccine recommendations













