എറണാകുളം വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കോട്ടയം സ്വദേശി സുധാ ബേബിയുടെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. സുധാബേബിയുടെ മരണകാരണം തലയ്ക്കേറ്റ ക്ഷതമാണ്. രക്തം വാർന്നതും പെട്ടെന്നുള്ള മരണത്തിന് ഇടയാക്കിയിട്ടുണ്ട്. ശരീരത്തിൽ മുറിപ്പാടുകളും, മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. പ്രതി പൊന്നൂരുന്നി സ്വദേശി ഷാജിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
കൊലപാതകത്തിന് മണിക്കൂറുകൾക്ക് ശേഷം തന്നെ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. കേസിൽ ഷാജി എന്നയാളെയാണ് പൊലീസ് പിടികൂടിയത്. ഇയാൾ കൊല്ലപ്പെട്ട സുധയുടെ അമ്മയ്ക്കൊപ്പം ഹൈക്കോടതിൽ ജോലി ചെയ്തിരുന്ന ആളാണെന്നാണ് വിവരം. ഷാജിയും സുധാ ബേബിയും കുടുംബസുഹൃത്തുക്കളാണ്. അമ്മയുടെ ചികിത്സക്കായി ഇവർ കൊച്ചിയിലാണ് താമസം. എന്നാൽ അടുത്തിടെ ഇവരുടെ സൗഹൃദത്തിൽ ചില പ്രശ്നങ്ങളുണ്ടായി. ഇതാണ് തർക്കത്തിന് കാരണം. രാത്രി ഇരുവരും റെയിൽവേ ട്രാക്കിനടുത്തേക്ക് പോവുകയും ഇവിടെ വെച്ചാണ് കൊലപാതകം നടന്നതെന്നും പൊലീസ് വ്യക്തമാക്കി. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. 63 വയസുകാരനായ ഷാജി ഹൈക്കോടതി മുൻ ജീവനക്കാരനാണ്.
ഇന്ന് പുലർച്ചെ 3:00 മണിക്ക് ലോക്കോ പൈലറ്റ് ആണ് റെയിൽവേ ട്രാക്കിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടത്. ഉടൻ പൊലീസ് എത്തി നടത്തിയ പരിശോധനയിൽ മൃതദേഹത്തിന് സമീപത്തുനിന്ന് മൊബൈൽ ഫോൺ കണ്ടെത്തി. പ്രതിക്കൊപ്പം യുവതി നടന്നു പോകുന്ന ദൃശ്യങ്ങളാണ് കേസിൽ വഴിത്തിരിവായത്. ഇരുവരും കാറിൽ നിന്ന് ഇറങ്ങി നടക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ട്രാക്കിന് സമീപം പിന്നീട് ഷാജി ഒറ്റയ്ക്ക് നടന്നു പോകുന്ന ദൃശ്യങ്ങളും പൊലീസ് കിട്ടി. ഈ സമയം ഷാജിയുടെ ഷർട്ടിൽ രക്തക്കറ ഉണ്ടായിരുന്നു. ഇതോടെയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്.
Sudha Baby, who was killed in Vyttila, died of head injuries; Initial postmortem report out, murder was committed by her mother’s colleague













