കണ്ണൂർ സീറ്റ് നൽകാമെന്ന ഉറപ്പ് ലഭിച്ചിട്ട് മണിക്കൂറുകൾ പിന്നിട്ടിട്ടും സ്ഥാനാർഥി പട്ടികയിൽ മാറ്റം വരുത്താൻ ഹൈക്കമാൻഡ് തയ്യാറാകാത്തതിൽ കെ സുധാകരൻ കടുത്ത അതൃപ്തിയിൽ. കണ്ണൂർ സീറ്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കിടയിലും താൻ മത്സരരംഗത്ത് ഉറച്ചുനിൽക്കുമെന്ന നിലപാടിലാണ് സുധാകരനെന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. പാർട്ടിക്കുള്ളിലെ തർക്കങ്ങൾ പരിഹരിക്കപ്പെടാത്ത സാഹചര്യത്തിൽ തന്റെ നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന സന്ദേശമാണ് അദ്ദേഹം നേതൃത്വത്തിന് നൽകുന്നത്. വരും മണിക്കൂറുകളിൽ സുധാകരന്റെ നീക്കങ്ങൾ കോൺഗ്രസ് രാഷ്ട്രീയത്തിൽ നിർണ്ണായകമാകും.
അതേസമയം കണ്ണൂർ സീറ്റുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തോട് കലാപക്കൊടി ഉയർത്തിയ കെ. സുധാകരന് മുന്നിൽ ഹൈക്കമാൻഡ് മുട്ടുമടക്കിയെന്ന വാർത്ത ഉച്ചയോടെയാണ് പുറത്തുവന്നത്. എം.പിമാർ മത്സരിക്കേണ്ടതില്ലെന്ന മുൻനിലപാട് തള്ളി സുധാകരന് അനുകൂലമായ തീരുമാനം ഉണ്ടായതായാണ് റിപ്പോർട്ടുകൾ. താനടക്കം 15 പേർ പാർട്ടി സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കുമെന്നും നേതൃത്വത്തിന് ‘ഗുഡ് ബൈ’ പറയുകയാണെന്നുമുള്ള സുധാകരന്റെ കടുത്ത ഭീഷണിക്ക് പിന്നാലെയാണ് ഹൈക്കമാൻഡ് നിലപാട് മാറ്റിയത്. ഇതോടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ സുധാകരൻ തന്നെ സ്ഥാനാർത്ഥിയാകുമെന്ന് ഏകദേശം ഉറപ്പായി. വിഷയം വഷളായ ഘട്ടത്തിൽ മുതിർന്ന നേതാക്കളായ എ.കെ. ആന്റണിയും രമേശ് ചെന്നിത്തലയും നടത്തിയ നിർണായക ഇടപെടലുകളാണ് പൊട്ടിത്തെറി ഒഴിവാക്കിയത്. സുധാകരൻ പാർട്ടി വിടുന്നത് തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് ചെന്നിത്തല നേതൃത്വത്തെ ബോധ്യപ്പെടുത്തി. തുടർന്ന് ആന്റണി നേരിട്ട് സുധാകരനുമായി സംസാരിക്കുകയും മൂന്നാം പിണറായി സർക്കാരിന് വഴിയൊരുക്കുന്ന സാഹചര്യം ഉണ്ടാക്കരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. സീറ്റിന്റെ കാര്യത്തിൽ ഉറപ്പ് ലഭിച്ചതോടെ പ്രഖ്യാപിക്കാനിരുന്ന വാർത്താസമ്മേളനം സുധാകരൻ ഒഴിവാക്കുകയായിരുന്നു.
ഹൈക്കമാൻഡിനെ വരുതിയിലാക്കിയ ആവേശത്തിൽ അണികൾ സുധാകരന് വമ്പൻ സ്വീകരണത്തിനൊരുങ്ങുമ്പോഴും സ്വന്തം തട്ടകത്തിൽ നിന്ന് എതിർസ്വരങ്ങൾ ഉയരുന്നത് തിരിച്ചടിയായിട്ടുണ്ട്. സുധാകരൻ മത്സരിക്കുന്നതിനെതിരെ കണ്ണൂർ നിയോജക മണ്ഡലം യോഗത്തിൽ പത്ത് മണ്ഡലം കമ്മിറ്റികൾ വിയോജിപ്പ് അറിയിച്ചു. അദ്ദേഹത്തിന്റെ അനാരോഗ്യം പരിഗണിക്കണമെന്നും മറ്റൊരു ഉപതിരഞ്ഞെടുപ്പ് താങ്ങാനാവില്ലെന്നുമാണ് പ്രാദേശിക ഭാരവാഹികളുടെ നിലപാട്. നേതൃത്വം വഴങ്ങിയെങ്കിലും തട്ടകത്തിലെ ഈ എതിർപ്പ് വരുംദിവസങ്ങളിൽ പാർട്ടിക്ക് തലവേദനയായേക്കും.
Sudhakaran Irked as Candidate List Remains Unchanged; Firm on Contesting Elections













